തിരുവനന്തപുരം : നീണ്ട വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം പിഎം ശ്രീ പദ്ധതിയിൽ സിപിഐക്ക് മുൻപിൽ മുട്ടുമടക്കി സിപിഐഎം. പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
മന്ത്രിസഭാ യോഗത്തിൽ നിന്ന് ഉൾപ്പെടെ വിട്ടുനിൽക്കും എന്നുള്ള സിപിഐയുടെ ഭീഷണിക്ക് പിന്നാലെയാണ് ഇപ്പോൾ സിപിഎം വഴങ്ങിയിരിക്കുന്നത്. പി എം ശ്രീ ധാരണ പത്രം റദ്ദാക്കുന്നതായി അറിയിച്ച് കേന്ദ്രത്തിന് നൽകുന്ന കത്തിന്റെ കരട് എം.എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജക്ക് അയച്ചു കൊടുത്തു. ഈ കത്ത് സിപിഐ സംസ്ഥാന നേതൃത്വം വിശദമായി പരിശോധിക്കും.
പിഎം ശ്രീ പദ്ധതിയുടെ ധാരണ പത്രം റദ്ദാക്കാനുള്ള തീരുമാനം കേന്ദ്രത്തെ അറിയിക്കുന്ന കത്ത് സംസ്ഥാന സർക്കാർ തന്നെ നേരിട്ട് കൈമാറണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഈ കത്തിനെക്കുറിച്ച് പൊതുജനങ്ങൾക്ക് മുൻപിൽ വിദ്യാഭ്യാസ വകുപ്പും മുഖ്യമന്ത്രിയും പരസ്യപ്പെടുത്തണമെന്നും സിപിഐ ആവശ്യമുന്നയിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് സിപിഐയും സിപിഐഎമ്മും തമ്മിൽ ധാരണയിൽ എത്തിയത്.









Discussion about this post