അസമിൽ നടന്ന കോൺഗ്രസ് പാർട്ടി യോഗത്തിൽ ബംഗ്ലാദേശിന്റെ ദേശീയഗാനം ആലപിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ ന്യായീകരണവുമായി കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്. സംഭവത്തിൽ ബിജെപിയുടെ വിമർശനങ്ങളെ ഗൊഗോയ് തള്ളി. ബംഗ്ലാദേശിന്റെ ദേശീയഗാനവും രചിച്ചത് നൊബേൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോർ തന്നെയാണല്ലോ എന്നായിരുന്നു ന്യായീകരണം.
ബിജെപി എല്ലായ്പ്പോഴും ബംഗാളി ഭാഷയെയും ബംഗാളി സംസ്‌കാരത്തെയും ബംഗാളിലെ ജനങ്ങളെയും അപമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.’രവീന്ദ്രനാഥ ടാഗോർ രചിച്ച ഒരു ഗാനമാണിത്. ബംഗാളി സംസ്‌കാരത്തിന്റെ വികാരങ്ങൾ ഇത് പ്രതിഫലിപ്പിക്കുന്നു. ബിജെപി എപ്പോഴും ബംഗാൾ ഭാഷയെയും സംസ്‌കാരത്തെയും ജനതയെയും അപമാനിക്കുന്നു. അവരുടെ ഐടി സെൽ മുൻ കാലങ്ങളിലും ബംഗാളി ജനതയെ അപമാനിച്ചിട്ടുണ്ട്. രവീന്ദ്രനാഥ ടാഗോറിന്റെ ചരിത്രം അറിയാതെ അവർ അവഗണന കാണിച്ചിട്ടുണ്ട്. ബംഗാളിലെ ജനങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ബംഗാളി സംസാരിക്കുന്നവരും ബിജെപി വോട്ടിനായി മാത്രമാണ് തങ്ങളെ ഉപയോഗിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഞാൻ കരുതുന്നു’, ഗൊഗോയ് പറഞ്ഞു.
ഒക്ടോബർ 27-ന് ശ്രീഭൂമിയിൽ നടന്ന ഒരു പാർട്ടി യോഗത്തിലാണ് കോൺഗ്രസ് നേതാവ് വിധു ഭൂഷൺ ദാസ് ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ ‘അമർ സോണാർ ബംഗ്ല’ ആലപിച്ചത്. ഇത് അസമിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. യോഗത്തിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചു. പിന്നാലെ കോൺഗ്രസിനെതിരെ ബിജെപി രൂക്ഷമായ വിമർശനം ഉന്നയിച്ച് രംഗത്തെത്തുകയായിരുന്നു കോൺഗ്രസ് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഉൾപ്പെടുത്തി വോട്ട് ബാങ്ക് അജണ്ട സൃഷ്ടിക്കുകയാണെന്നും ബിജെപി ആരോപിച്ചു.











Discussion about this post