തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറിയതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സിപിഐ നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ശിവൻകുട്ടി ഉന്നയിച്ചത്. മന്ത്രി ജിആർ അനിലും പ്രകാശ് ബാബുവും തന്നെ നിരന്തരമായി അപമാനിച്ചുവെന്ന് ശിവൻകുട്ടി സൂചിപ്പിച്ചു.
സിപിഐ വിദ്യാർത്ഥി സംഘടനകൾ എന്നെ വർഗീയവാദിയാക്കാൻ ശ്രമിച്ചു. ജിആർ അനിൽ സിപിഐ ഓഫീസിനു മുന്നിൽ വെച്ച് തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തി. മന്ത്രി അനിലിനെ ഫോണിൽ വിളിച്ച ശേഷമാണ് ഓഫീസിൽ പോയത്. ബിനോയ് വിശ്വത്തെ കണ്ട് എന്തു കൊണ്ട് ഒപ്പിട്ടു എന്ന് വിശദീകരിക്കാനായിരുന്നു വിളിച്ചത്. കൂടിക്കാഴ്ചക്ക് ശേഷം താൻ ഒന്നും പറഞ്ഞില്ല. എന്നാൽ അനിൽ മാധയമങ്ങളോട് എന്നെ അവഹേളിക്കുന്ന രീതിയിൽ ആണ് സംസാരിച്ചത് എന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.
പ്രകാശ് ബാബു എംഎ ബേബിയെ പോലും അവഹേളിച്ചു. എംഎ ബേബി നിസ്സഹായൻ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങളുടെ പാർട്ടി ജനറൽ സെക്രട്ടറിയാണ് അദ്ദേഹം. തീരെ മര്യാദ കുറഞ്ഞ വാക്കുകളാണ് പ്രകാശ് ബാബു പറഞ്ഞത്. എഐഎസ്എഫ്, എഐവൈഎഫ് സംഘടനകൾ എന്റെ കോലം കത്തിച്ചു. എന്റെ വീട്ടിലേക്ക് രണ്ട് തവണ പ്രകടനം നടത്തി. അതിര് കടന്ന പ്രതിഷേധങ്ങൾ ആയിരുന്നു അവർ നടത്തിയത് എന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു.









Discussion about this post