മുംബൈ : മുംബൈയിലെ പ്രശസ്തമായ ആർഎ സ്റ്റുഡിയോയിൽ കുട്ടികളെ ബന്ധികളാക്കിയ പ്രതിയെ സാഹസികമായി കീഴടക്കി പോലീസ്. പ്രതി രോഹിത് ആര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. 17 കുട്ടികളെയും രണ്ടു മുതിർന്നവരെയും ആയിരുന്നു ഇയാൾ സ്റ്റുഡിയോക്കുള്ളിൽ ബന്ധികളാക്കിയിരുന്നത്.
ഒരു വെബ് സീരീസിന്റെ ഓഡിഷന്റെ വ്യാജേന ആണ് പ്രതി കുട്ടികളെ സ്റ്റുഡിയോയിലേക്ക് വിളിച്ചുവരുത്തിയിരുന്നത്. കുട്ടികളോടൊപ്പം അവരുടെ മാതാപിതാക്കളും എത്തിയിരുന്നെങ്കിലും ഇവർ സ്റ്റുഡിയോയ്ക്ക് പുറത്തായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ആറ് ദിവസമായി ഈ ഓഡിഷൻ നടന്നുവരികയായിരുന്നു. ഇന്ന് ഉച്ചഭക്ഷണ സമയത്ത് കുട്ടികളെ വിട്ടയക്കാതിരുന്നതോടെയാണ് മാതാപിതാക്കൾ പരിഭ്രാന്തരായി പോലീസിൽ റിപ്പോർട്ട് ചെയ്തത്.
കുട്ടികളെ ബന്ധികൾ ആക്കിയതിന് പിന്നാലെ ഇയാൾ ഇവരുടെ ഒരു വീഡിയോ ദൃശ്യവും പുറത്തുവിട്ടിരുന്നു. പോലീസിനെ അറിയിച്ചാൽ സ്റ്റുഡിയോക്ക് തീയിട്ട് കുട്ടികളെ കൊല്ലും എന്നും ഇയാൾ ഭീഷണിപ്പെടുത്തി. താനൊരു തീവ്രവാദി അല്ലെന്നും ചില ആളുകളോട് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട് എന്നുമായിരുന്നു ഇയാൾ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞിരുന്നത്. വിവരം ലഭിച്ചയുടനെ, ക്യുആർടി, പ്രത്യേക സേന, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. പ്രതി ചർച്ചയ്ക്ക് വഴങ്ങാതെ വന്നതോടെ പോലീസ് സാഹസികമായി സ്റ്റുഡിയോയ്ക്ക് മുകളിൽ കയറി ബാത്റൂമിനുള്ളിലൂടെ അകത്തു കടന്ന് പ്രതിയെ കീഴടക്കുകയായിരുന്നു. പ്രതി രോഹിത് ആര്യ മാനസികാസ്വാസ്ഥ്യം ഉള്ള ആളാണെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.









Discussion about this post