മുംബൈ : ഇന്ന് വൈകുന്നേരം മുംബൈയെ നടുക്കിയ കുട്ടികളെ ബന്ദിയാക്കൽ സംഭവത്തിലെ പ്രതി രോഹിത് ആര്യ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് പോലീസ്. മുംബൈയിലെ ആർഎ സ്റ്റുഡിയോയിൽ 17 കുട്ടികളെയും രണ്ടു മുതിർന്നവരെയും ഉൾപ്പെടെ 20 പേരെയായിരുന്നു ഇയാൾ ബന്ധിയാക്കിയിരുന്നത്. വെബ് സീരീസിനുള്ള ഓഡിഷൻ എന്ന വ്യാജേനയാണ് ഇയാൾ കുട്ടികളെ സ്റ്റുഡിയോയിലേക്ക് വിളിച്ചു വരുത്തിയിരുന്നത്.
ബന്ധികൾ ആക്കപ്പെട്ട കുട്ടികളുടെ മാതാപിതാക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സ്റ്റുഡിയോയുടെ മുകളിൽ കയറി ബാത്റൂമിലൂടെ ഉള്ളിൽ കടന്നാണ് പ്രതിയെ കീഴ്പെടുത്തിയിരുന്നത്. ഇതിനിടെ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതിക്ക് പോലീസിന്റെ വെടിയേറ്റിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരണത്തിന് കീഴടങ്ങി എന്നാണ് പോലീസ് പുറത്തുവിടുന്ന വിവരം.
കൊല്ലപ്പെട്ട രോഹിത് ആര്യ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നാണ് പോലീസ് നൽകുന്ന സൂചന. അതേസമയം പ്രതിയുടെ കൈവശം ഒരു എയർ ഗണ്ണും ചില രാസവസ്തുക്കളും ഉണ്ടായിരുന്നതായി പറയുന്നു. ഈ വസ്തുക്കൾ ഉപയോഗിച്ച് ഇയാൾ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചത് എന്നാണ് പോലീസിന്റെ സ്ഥിരീകരണം.









Discussion about this post