ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിനായുള്ള അത്യാധുനിക ആളില്ലാ വിമാന സംവിധാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ് ഇൻഫ്രാസ്ട്രക്ചർ ഭീമനായ ലാർസൻ & ട്യൂബ്രോ (എൽ & ടി). ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച യുഎസ് കമ്പനിയായ ജനറൽ ആറ്റോമിക്സ് എയറോനോട്ടിക്കൽ സിസ്റ്റംസ് ഇൻകോർപ്പറേറ്റഡുമായി (ജിഎഎഎസ്‌ഐ) ഒരു തന്ത്രപരമായ കരാറിൽ ഒപ്പുവച്ചു. ഈ പങ്കാളിത്തത്തിന് കീഴിൽ, രണ്ട് കമ്പനികളും ഇന്ത്യൻ സൈന്യത്തിനായി മീഡിയം ആൾട്ടിറ്റ്യൂഡ് ലോംഗ് എൻഡുറൻസ് (MALE) റിമോട്ട്ലി പൈലറ്റഡ് എയർക്രാഫ്റ്റ് സിസ്റ്റംസ് (ആർപിഎഎസ്) ഇന്ത്യയിൽ നിർമ്മിക്കും.
പ്രതിരോധ മന്ത്രാലയത്തിന്റെ വരാനിരിക്കുന്ന 87 MALE RPAS പ്രോഗ്രാമിൽ പങ്കെടുക്കുമെന്ന് എൽ ആൻഡ് ടി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്എൻ സുബ്രഹ്മണ്യൻ പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ ശേഷി ഗണ്യമായി വർദ്ധിപ്പിക്കുകയും എയ്‌റോസ്‌പേസ് സാങ്കേതികവിദ്യകളിൽ സ്വാശ്രയത്വം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് യുഎസ് കമ്പനിയുമായി സഹകരിച്ച് ആളില്ലാ വിമാനങ്ങൾ നിർമ്മിക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രതിരോധ-എയ്‌റോസ്‌പേസ് മേഖലയിലെ എൽ ആൻഡ് ടിയുടെ എഞ്ചിനീയറിംഗ്, പ്രിസിഷൻ മാനുഫാക്ചറിംഗ്, സിസ്റ്റംസ് ഇന്റഗ്രേഷൻ വൈദഗ്ധ്യവും ജിഎഎഎസ്‌ഐയുടെ പ്രവർത്തന ശേഷികളും ഈ സഖ്യം പ്രയോജനപ്പെടുത്തുമെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. GA-ASI യുടെ MQ-സീരീസ് RPAS വിമാനങ്ങൾ ലോകമെമ്പാടും വ്യാപകമായി വിന്യസിക്കപ്പെട്ടിട്ടുണ്ടെന്നും നിരീക്ഷണ, ആക്രമണ ദൗത്യങ്ങൾക്കായി ദശലക്ഷക്കണക്കിന് മണിക്കൂർ പറന്നിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.









Discussion about this post