ന്യൂഡൽഹി : ‘സ്ട്രെങ്ത് ഇൻ യൂണിറ്റി’ എന്ന് പേര് നൽകിയിരിക്കുന്ന തൃശൂൽ അഭ്യാസവുമായി ഇന്ത്യൻ സൈന്യം. പാകിസ്താനുമായുള്ള പടിഞ്ഞാറൻ അതിർത്തിയായ സർ ക്രീക്ക് അതിർത്തിയിലാണ് അഭ്യാസം നടന്നത്. ഇന്ത്യൻ സൈന്യം, ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ നാവികസേന എന്നിവ ഉൾപ്പെടുന്ന മൂന്ന് സേനകളും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസമാണ് തൃശൂൽ.
ഒക്ടോബർ 30 ന് ആരംഭിച്ച തൃശൂൽ അഭ്യാസം നവംബർ 10 വരെ തുടരുന്നതാണ്. മൂന്ന് സേനകളും തമ്മിലുള്ള സംയുക്ത പ്രവർത്തനങ്ങളും പരസ്പര പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തുന്നതാണ് ഈ സംയുക്ത അഭ്യാസം ലക്ഷ്യമിടുന്നത്. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിലും ദൗത്യ സ്പെക്ട്രങ്ങളിലും മൂന്ന് സേനകൾക്കും ഒരുമിച്ച് പ്രവർത്തിക്കാനുള്ള പരിശീലനങ്ങളും സൈനികാഭ്യാസത്തിൽ ഉണ്ടായിരിക്കുന്നതാണ്.
നിലവിൽ നടക്കുന്ന തൃശൂൽ അഭ്യാസം ഗുജറാത്തിന്റെയും പാകിസ്താന്റെയും അതിർത്തിയായ സർ ക്രീക്ക് മേഖലയ്ക്ക് സമീപമാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പാകിസ്താൻ ഈ മേഖലയിൽ സൈനിക അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സർ ക്രീക്ക് മേഖലയിൽ എന്തെങ്കിലും ‘ദുരന്തം’ ആസൂത്രണം ചെയ്താൽ ഇന്ത്യയിൽ നിന്ന് ‘നിർണായക പ്രതികരണം’ ലഭിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാകിസ്താന് കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഈ അതിർത്തിക്ക് സമീപം ഇന്ത്യ തൃശൂൽ സൈനികാഭ്യാസപ്രകടനം നടത്തുന്നത്.









Discussion about this post