ടെൽ അവീവ് : ഹിസ്ബുള്ള വീണ്ടും ആയുധങ്ങൾ ശേഖരിക്കുന്നതായുള്ള ഇസ്രായേലി, അറബ് ഇന്റലിജൻസ് റിപ്പോർട്ടുകൾക്ക് പിന്നാലെ ലെബനന് കടുത്ത മുന്നറിയിപ്പുമായി ഇസ്രായേൽ. ഹിസ്ബുള്ള ‘തീകൊണ്ട് കളിക്കുന്നു’ എന്ന് കുറ്റപ്പെടുത്തിയ ഇസ്രായേൽ, ലെബനൻ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. വടക്കൻ ഇസ്രായേലിലെ ജനങ്ങൾക്ക് നേരെ ഏതെങ്കിലും രീതിയിലുള്ള ആക്രമണം ഉണ്ടായാൽ തെക്കൻ ലെബനനിലെ ഹിസ്ബുള്ളയ്‌ക്കെതിരെ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്നും ഇസ്രായേൽ അറിയിച്ചു.
തുറമുഖങ്ങൾ വഴി ആയുധങ്ങൾ കടത്തിയും സിറിയയിലൂടെയുള്ള കള്ളക്കടത്ത് വഴികളിലൂടെയും ഹിസ്ബുള്ള വീണ്ടും ആയുധങ്ങൾ ശേഖരിക്കുന്നതായുള്ള ഇസ്രായേലി, അറബ് ഇന്റലിജൻസ് റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇസ്രായേലിന്റെ ഈ മുന്നറിയിപ്പ്. 2024 നവംബറിൽ ഇസ്രായേലും ലെബനൻ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയും തമ്മിൽ വെടിനിർത്തൽ കരാറിൽ ഒപ്പു വച്ചിരുന്നു. എന്നാൽ അടുത്തിടെ ഹിസ്ബുള്ള ഈ കരാർ ലംഘിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ ലെബനനെതിരെ തിരിച്ചടി നൽകിയിരുന്നു.
കഴിഞ്ഞ രാത്രി പത്തരയോടെ ലെബനനിലെ നബതിയേ ജില്ലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ സൈന്യം ഗൈഡഡ് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തി എന്നാണ് ലെബനൻ ആരോഗ്യമന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.









Discussion about this post