വനിതാ ലോകകപ്പിലെ ഇന്ത്യയുടെ ചരിത്രവിജയത്തിന്റെ സന്തോഷത്തിലാണ് ടീമിനെ സ്നേഹിക്കുന്ന ആരാധകരെല്ലാം. പുരുഷ ക്രിക്കറ്റ് സമീപകാലത്ത് കൈവരിച്ച നേട്ടങ്ങളെ വാഴ്ത്തിപ്പാടുമ്പോഴും വനിതാ ക്രിക്കറ്റിന്റെ കാര്യത്തിൽ ആരാധകർ നിരാശരായിരുന്നു. എന്നാൽ ഇന്നലത്തോടെ ആ വിഷമമൊക്കെ മാറി അത് സന്തോഷമായി. ഓസ്‌ട്രേലിയയെ സെമിഫൈനലിൽ തോൽപ്പിച്ചപ്പോൾ തന്നെ കിരീടം കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ഇന്ത്യൻ ആരാധകർ. എന്നാലും ഇന്നലത്തെ വിശ്വവിജയം കൂടിയായപ്പോൾ ആ മഹത്വം പൂർണമായി എന്ന് പറയാം.
ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ 299 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യയുടെ ബാറ്റിംഗ് എല്ലാ അർത്ഥത്തിലും ഒരു ടീം ഗെയിമായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ 104 റൺസ് കൂട്ടിച്ചേർത്ത സ്‌മൃതി- ഷെഫാലി കൂട്ടുകെട്ട് ഇന്ത്യക്ക് നൽകിയത് മികച്ച തുടക്കമായിരുന്നു. സ്‌മൃതി 45 റൺ നേടി മടങ്ങിയപ്പോൾ ഷെഫാലി വർമ (87), ദീപ്തി ശർമ (58), റിച്ചാ ഘോഷ് (34) ഉൾപ്പടെ എല്ലാ താരങ്ങളും മികവ് കാണിച്ചു.
ഇത്ര ഉയർന്ന സ്കോർ ചേർത്തപ്പോൾ തന്നെ വിജയം ഉറപ്പിച്ചതായിരുന്നു എങ്കിലും ഒറ്റക്ക് നിന്ന് പൊരുതിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർഡിന്റെ (98 പന്തിൽ 101) മികവ് ദക്ഷിണാഫ്രിക്കക്ക് വിജയപ്രതീക്ഷ നൽകി. മറ്റുള്ള താരങ്ങളുടെ പിന്തുണ കിട്ടാതെ പോയതും ഇടക്ക് കാണിച്ച മണ്ടത്തരങ്ങളും ദക്ഷിണാഫ്രിക്കയെ ചതിച്ചു. അർദ്ധ സെഞ്ച്വറി നേടിയതിന് പിന്നാലെ 5 വിക്കറ്റുകൾ നേടിയ ദീപ്തി ഇന്ത്യൻ വിജയത്തിൽ വലിയ പങ്ക് വഹിച്ചപ്പോൾ ഇന്നലത്തെ മത്സരത്തിലെ താരമായത് സുനെ ലുസ്, മാരിസാന്ന കാപ്പ് എന്നിവരുടെ നിർണായക വിക്കറ്റുകൾ നേടി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന ഷെഫാലി വർമയായിരുന്നു. പാർട്ട് ടൈം ബോളർ മാത്രമായ താരത്തിന് പന്ത് നൽകാനുള്ള ഹർമന്റെ ബുദ്ധി എന്തായാലും അതിനിർണായകമായി.
ഹർമൻ ആ നീക്കത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ:
‘ലോറയും സുനെ ലസും ബാറ്റ് ചെയ്യുമ്പോൾ അവർ മികച്ച നിലയിലായിരുന്നു. അപ്പോൾ ഷെഫാലി നിൽക്കുന്നത് ഞാൻ കണ്ടു. നേരത്തേ അവൾ ബാറ്റ് ചെയ്ത രീതിവെച്ച് ഇന്ന് അവളുടെ ദിവസമാണെന്ന് എനിക്ക് തോന്നി. അവൾക്ക് ഒരു ഓവർ കൊടുക്കാൻ എന്റെ മനസ് എന്നോട് പറഞ്ഞു. ഞാൻ ആ തോന്നലിനൊപ്പം പോകാൻ തീരുമാനിച്ചു. അവളോട് തയ്യാറാണോ എന്ന് ചോദിച്ചു. അവൾ ഉടൻ തന്നെ അതെ എന്ന് മറുപടി വന്നു. ആ നീക്കം നിർണായകമായി.”









Discussion about this post