ഇസ്ലാമാബാദ് : പാകിസ്താനിൽ ഭരണഘടന ഭേദഗതി ചെയ്യാൻ ഒരുങ്ങി ഷഹബാസ് ഷെരീഫ് സർക്കാർ. പാകിസ്താൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 ദുർബലപ്പെടുത്തുക എന്നതാണ് ഭേദഗതിയുടെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) പ്രതിനിധി സംഘം ഈ നീക്കത്തിന് പിന്തുണ തേടി പാകിസ്താൻ പീപ്പിൾസ് പാർട്ടിയെ (പിപിപി) സമീപിച്ചു.
പാകിസ്താന്റെ കരസേനാ മേധാവിയായ ഫീൽഡ് മാർഷൽ അസിം മുനീറിന് രാജ്യത്തിന്റെ ഭരണത്തിൽ കൂടുതൽ പിടിമുറുക്കാനും സ്ഥാനം നഷ്ടപ്പെടാതിരിക്കാനുമുള്ള നീക്കങ്ങളാണ് പുതിയ ഭരണഘടന ഭേദഗതിയിലൂടെ സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഭരണഘടനാ ഭേദഗതിയിൽ പിന്തുണ തേടി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്റെ പാർട്ടിയെ സമീപിച്ചതായി പിപിപി മേധാവി ബിലാവൽ ഭൂട്ടോ-സർദാരി വെളിപ്പെടുത്തി.
ഭേദഗതി പാസായാൽ ഫീൽഡ് മാർഷൽ എന്ന പദവി ഔപചാരികമാക്കപ്പെടും. 2025 മെയ് മാസത്തിൽ ഇന്ത്യയുടെ ഭീകരവിരുദ്ധ ഓപ്പറേഷൻ സിന്ദൂരിന് ശേഷമാണ് ഫീൽഡ് മാർഷൽ സ്ഥാനം അസിം മുനീറിന് ലഭിച്ചത്. നിലവിൽ, ഈ തസ്തികയ്ക്ക് പാകിസ്താനിൽ നിയമപരമായ അംഗീകാരമില്ല. റാങ്ക് ഔപചാരികമാക്കിയില്ലെങ്കിൽ അസിം മുനീർ ഈ വർഷം നവംബർ 28 ന് വിരമിക്കേണ്ടി വരും. പുതിയ ഭേദഗതി പാകിസ്താനിൽ ഫീൽഡ് മാർഷൽ പദവി ഭരണഘടനാപരമാക്കും. കഴിഞ്ഞ വർഷം, ഒരു വിവാദപരമായ നീക്കത്തിൽ, പാകിസ്താൻ സർക്കാർ സൈനിക മേധാവികളുടെ കാലാവധി മൂന്നിൽ നിന്ന് അഞ്ച് വർഷമായി നീട്ടുകയും 64 എന്ന പ്രായപരിധി നീക്കം ചെയ്യുകയും ചെയ്തിരുന്നു.









Discussion about this post