ന്യൂഡൽഹി : ദാമൻ, ദിയു, ദാദ്ര & നാഗർ ഹവേലി എന്നിവിടങ്ങളിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ വൻ വിജയം സ്വന്തമാക്കി ഭാരതീയ ജനതാ പാർട്ടി. എല്ലാ പ്രധാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വൻ ഭൂരിപക്ഷം നേടിയ ബിജെപി 96 സീറ്റുകളിൽ 91 എണ്ണവും നേടി. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ ബിജെപി തെരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്യുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ദാമൻ ജില്ലാ പഞ്ചായത്തിലെ 16 ൽ 15 സീറ്റുകളും, മുനിസിപ്പൽ കൗൺസിലിലെ 15 ൽ 14 സീറ്റുകളും ബിജെപി സ്വന്തമാക്കി. 16 സർപഞ്ച് സ്ഥാനങ്ങളിൽ 15 എണ്ണവും ബിജെപി നേടി. ദിയു ജില്ലയിൽ, ജില്ലാ പഞ്ചായത്തിന്റെ 8 സീറ്റുകളും നേടി മേഖലയിൽ ബിജെപി പൂർണമായ ആധിപത്യം സ്ഥാപിച്ചു.
ദാദ്ര & നാഗർ ഹവേലി ജില്ലയിൽ, 26 ജില്ലാ പഞ്ചായത്തുകളിൽ 24 എണ്ണവും മുനിസിപ്പൽ കൗൺസിലിന്റെ 15 സീറ്റുകളും നേടിക്കൊണ്ടാണ് ബിജെപി തങ്ങളുടെ ശക്തി കേന്ദ്രം നിലനിർത്തിയത്. ആകെ നേടിയ വിജയത്തിൽ 75%വും എതിരില്ലാതെയാണ് ബിജെപി സ്വന്തമാക്കിയത്. എന്നാൽ തങ്ങളുടെ 80 ശതമാനം സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപത്രിക തള്ളിയത് കൊണ്ടാണ് ബിജെപി എതിരല്ലാതെ വിജയിച്ചതെന്നും ബിജെപി തിരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്യുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.









Discussion about this post