എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ്ഓഫ് ചടങ്ങിന് പിന്നാലെ വിദ്യാർത്ഥികൾ ട്രെയിനിലിരുന്ന് ദേശഭക്തിഗാനം പാടിയ സംഭവം വിവാദമാക്കിയതിൽ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിദ്യാർത്ഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചുവെന്നത് ആരോപണമാണെന്നും അതിന് പിന്നിലെ ദുരുദ്ദേശ്യം ലോകത്തിന് മനസിലാകുമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സംഗീതത്തിന് ജാതിയോ മതമോ ഇല്ല,കുട്ടികൾ സന്തോഷം ആഘോഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗണഗീതം പാടിപ്പിച്ചു എന്നത് ആരോപണമാണ്. അതിലെ ദുരുദ്ദേശ്യം ലോകത്തിനു മനസ്സിലാകും. സംഗീതത്തിനു ഭാഷയോ ജാതിയോ മതമോ ഇല്ല. സംഗീതം ആസ്വദിക്കാൻ പറ്റണം. അത് തീവ്രവാദികളുടെ പാട്ടൊന്നുമല്ലല്ലോ? സംഗീതമാണ്, അസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ കാതു തിരിക്കൂ, ഹൃദയം തിരിക്കൂ. അത്രയുള്ളൂ. കുട്ടികൾ അവരുടെ സന്തോഷം ആഘോഷിക്കുകയാണ് ചെയ്തത്. ആ കുട്ടികളുടെ മനസ്സിലേക്ക് അവരാണ് വിഷം കുത്തിവയ്ക്കുന്നത്. അത് നിർത്തൂ. എസ്സി എസ്ടി ഉന്നതികളിലെ ദുരവസ്ഥയാണ് പരിഹരിക്കപ്പെടേണ്ടതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകൾ.
എറണാകുളം-ബംഗളൂരു വന്ദേഭാരത് ട്രെയിൻ ഉദ്ഘാടന സ്പെഷൽ യാത്രയ്ക്കിടെ സ്‌കൂൾ വിദ്യാർത്ഥികൾ ട്രെയിനിൽ ഗണ ഗീതം പാടുന്ന വീഡിയോയാണ് ചിലമാദ്ധ്യമങ്ങൾ ചേർത്ത് വിവാദമാക്കിയത്. സംഭവം വിവാദമാക്കിയതോടെ പ്രധാനമന്ത്രിക്ക് സ്‌കൂൾ അധികൃതർ കത്തയച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്‌കൂൾ അധികൃതർ അയച്ച കത്തിൽ, ‘പരമപവിത്രതമീ മണ്ണിൽ ഭാരതംബയേ പൂജിക്കാൻ’ എന്ന ദേശസ്‌നേഹമുള്ള മലയാള ഗാനമാണിതെന്നും രാജ്യത്തിന്റെ മതേതര ഘടനയെയോ ദേശീയ ഐക്യത്തെയോ വെല്ലുവിളിക്കുന്ന ഒരു വാക്കുകളും അതിൽ അടങ്ങിയിട്ടില്ലെന്നും വ്യക്തമാക്കി. വിദ്യാർത്ഥികൾ ദേശസ്‌നേഹ ഗാനം ആലപിച്ചത് തെറ്റാണോ എന്ന് ചോദിച്ചുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്. ‘ഞങ്ങളുടെ എളിയ ചോദ്യം ഇതാണ്: നമ്മുടെ കുട്ടികൾക്ക് നമ്മുടെ മാതൃരാജ്യത്തെ സ്തുതിക്കുന്ന ഒരു ദേശസ്‌നേഹ ഗാനം ആലപിക്കാൻ കഴിയില്ലേ? അത്തരം പ്രവൃത്തികൾ യുവമനസ്സുകളിലെ ദേശീയതയെ നിരുത്സാഹപ്പെടുത്തുന്നുവെന്ന് കത്തിൽ പറയുന്നു.









Discussion about this post