ന്യൂഡൽഹി : ജെയ്‌ഷെ മുഹമ്മദ്, അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് എന്നീ സംഘടനകളുടെ ഒരു ഭീകര മൊഡ്യൂൾ തകർത്ത അന്വേഷണത്തിന്റെ ഒടുവിലായി മറ്റൊരു വൻ സ്ഫോടക ശേഖരം കൂടി പിടികൂടി. ഇന്ന് രാവിലെ, ജമ്മു കശ്മീർ പോലീസും ഫരീദാബാദ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. രാവിലെ ഈ പ്രതികൾ ഫരീദാബാദിലെ ധൗജ് പ്രദേശത്ത് സൂക്ഷിച്ചിരുന്ന 360 കിലോഗ്രാം വസ്തുക്കൾ പോലീസ് കണ്ടെത്തിയിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട്, ജമ്മു കശ്മീർ, ഹരിയാന പോലീസ് സംഘം ഡോക്ടർമാരായ ആദിൽ അഹമ്മദ് റാത്തർ, മുസമ്മിൽ ഷക്കീൽ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരിദാബാദിലെ തന്നെ മറ്റൊരു വീട്ടിൽ നിന്നും 2,500 കിലോഗ്രാം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരിക്കുന്നത്. വൻ സ്പോടകവസ്തു ശേഖരം കണ്ടെത്തിയ വീട് ഡോ. മുസമിൽ ഒരു മൗലാനയിൽ നിന്ന് വാടകയ്‌ക്കെടുത്തിരുന്നതാണ്. ഈ മൗലാനയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ജെയ്‌ഷെ മുഹമ്മദ്, അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് എന്നീ സംഘടനകൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന രണ്ട് ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘത്തിൽ നിന്ന് ഇതുവരെ ഏകദേശം 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. തിങ്കളാഴ്ച രാവിലെ ഫരീദാബാദിലെ ധൗജിൽ നിന്ന് 360 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും 20 ടൈമറുകളും വാക്കി-ടോക്കികളും അസോൾട്ട് റൈഫിളുകളും പോലീസ് കണ്ടെടുത്തിരുന്നു. ഇപ്പോൾ ധൗജിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള ഫത്തേപൂർ ടാഗ ഗ്രാമത്തിലേ മറ്റൊരു വീട്ടിൽ നിന്നുമാണ് 2,500 കിലോഗ്രാം സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്.
പിടിച്ചെടുത്ത സ്ഫോടക വസ്തു അമോണിയം നൈട്രേറ്റ് ആണെന്നാണ് പോലീസ് സംഘം സൂചിപ്പിക്കുന്നത്. വലിയ ട്രക്കുകളിൽ ആണ് ഈ സ്ഫോടക ശേഖരം പോലീസ് സ്ഥലത്തുനിന്നും മാറ്റിയത്. ഒക്ടോബർ 6 ന് സഹാറൻപൂരിൽ അറസ്റ്റിലായ ഡോ. ആദിൽ അഹമ്മദിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡോ. മുസമ്മിൽ ഷക്കീലിലേക്ക് അന്വേഷണം എത്തുകയും വന്‍ സ്ഫോടക ശേഖരം പിടിച്ചെടുക്കുകയും ചെയ്തത്.









Discussion about this post