ന്യൂഡൽഹി : ഇന്ത്യൻ അതിർത്തി രക്ഷാ സേനയായ ബിഎസ്എഫ് ഒരു പ്രത്യേക വനിതാ വിഭാഗത്തിനുള്ള പരിശീലനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ‘ദുർഗ ഡ്രോൺ സ്ക്വാഡ്രൺ’ ബിഎസ്എഫിന്റെ ഈ വനിതാ വിഭാഗത്തിന് പേര് നൽകിയിരിക്കുന്നത്. അതിർത്തി കടന്ന് രാജ്യത്തിനുള്ളിൽ പ്രവേശിക്കുന്ന ഡ്രോണുകളെ വെടിവെച്ചിടുകയാണ് ഈ പെൺപുലികളുടെ കർത്തവ്യം. ഇതിനായി വനിതകൾക്ക് പ്രത്യേക പരിശീലനം നൽകാൻ ബിഎസ്എഫ് ആരംഭിച്ചു.
ബിഎസ്എഫിന്റെ ഗ്വാളിയോറിലെ ‘സ്കൂൾ ഓഫ് ഡ്രോൺ വാർഫെയർ’-ലാണ് വനിതാ സേനയ്ക്ക് പരിശീലനം നൽകുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വനിതാ സൈനികരെ സജ്ജരാക്കുകയും അതിർത്തി മാനേജ്മെന്റിലും സുരക്ഷയിലും സജീവമായി പങ്കെടുക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ പരിശീലനത്തിന്റെ ലക്ഷ്യം. പരിശീലന വേളയിൽ, ഡ്രോണുകൾ പറത്തൽ, നിയന്ത്രിക്കൽ, നിരീക്ഷണ ദൗത്യങ്ങൾക്കായി ഡാറ്റ ശേഖരിക്കൽ എന്നിവയിൽ വനിതാ ഗാർഡുകൾക്ക് പ്രത്യേക പരിശീലനം നൽകുന്നതാണ്.
അതിർത്തി സുരക്ഷാ സേനയുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായമാണിതെന്ന് ബിഎസ്എഫ് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. പുതിയകാല യുദ്ധങ്ങളിൽ ബലപ്രയോഗത്തേക്കാൾ കൂടുതൽ സാങ്കേതികവിദ്യകൾക്കാണ് പ്രാധാന്യമുള്ളത്. ക്ഷമ, കൃത്യത, സ്ഥിരോത്സാഹം, ഡ്രോൺ പ്രവർത്തിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ അവരുടെ പ്രത്യേക പങ്ക് എന്നിവ സംയോജിപ്പിച്ചുകൊണ്ട് വനിതകൾക്ക് പ്രത്യേക പരിശീലനം നൽകി ആധുനികകാലത്തെ രാജ്യത്തിന്റെ സുരക്ഷാരംഗത്ത് സജീവമാക്കി നിർത്താനാണ് ബിഎസ്എഫ് ലക്ഷ്യമിടുന്നത്.









Discussion about this post