ശ്രീനഗർ : ഫരീദാബാദിൽ നിന്നും സ്ഫോടക ശേഖരം പിടികൂടിയതിന് പിന്നാലെ ജമ്മു കശ്മീരിലെ 10 ജില്ലകളിൽ വ്യാപക പരിശോധന. എഴുപതോളം സ്ഥലങ്ങളിൽ പരിശോധന നടത്തിയ പോലീസ് നൂറോളം പേരെ കസ്റ്റഡിയിൽ എടുത്തു. ഡൽഹി കാർ സ്ഫോടനത്തിന് ഏതാനും മണിക്കൂറുകൾക്കു മുൻപായിരുന്നു ജമ്മു കശ്മീരിൽ വ്യാപക പരിശോധനയും അറസ്റ്റും നടന്നിരുന്നത്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നൂറോളം പേരെ ജമ്മു കശ്മീർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ബുഡ്ഗാം, ബാരാമുള്ള, ഗന്ദർബാൽ, അനന്ത്നാഗ്, കുൽഗാം, പുൽവാമ, ഷോപ്പിയാൻ ജില്ലകളിലാണ് നടപടി സ്വീകരിച്ചത്. പാക് അധിനിവേശ കശ്മീരിൽ നിന്ന് പ്രവർത്തിക്കുന്ന ജമ്മു കശ്മീർ വംശജരായ വ്യക്തികളുമായി ബന്ധമുള്ള സ്ഥലങ്ങളിൽ ഗന്ദർബാൽ ജില്ലയിലെ പോലീസ് റെയ്ഡ് നടത്തി. പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങളും മറ്റു സംശയാസ്പദമായ സാമഗ്രികളും പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി.
ബാരാമുള്ളയിലും സമാനമായ ഓപ്പറേഷനുകൾ നടന്നു. പാക് അധിനിവേശ കശ്മീരിലെ സ്വദേശികളുടെ 16 സ്വത്തുക്കൾ റെയ്ഡ് ചെയ്തു. 10 പേരെ പ്രതിരോധ വ്യവസ്ഥകൾ പ്രകാരം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടെലികോം സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ സിം കാർഡ് വിൽപ്പനക്കാരെ ചോദ്യം ചെയ്തതായും ദേശീയ പാതകളിൽ 175 വാഹനങ്ങൾ പരിശോധിച്ചതായും പോലീസ് പറഞ്ഞു.









Discussion about this post