ഡൽഹി ചെങ്കോട്ട കാർ ബോംബാക്രമണത്തിൽ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനും ഭീകരസംഘടനയുടെ വനിതാ വിഭാഗത്തിനും പങ്കുണ്ടെന്ന് വിവരം. കഴിഞ്ഞ ദിവസം തോക്കും തിരകളുമായി ഫരീദാബാദിൽ അറസ്റ്റിലായ വനിതാ ഡോക്ടർക്ക് ഡൽഹി സ്ഫോടനവുമായി ബന്ധമുണ്ടെന്ന സംശയമാണ് ബലപ്പെടുന്നത്. ഇവർ ജെയ്‌ഷെയുടെ ഇന്ത്യയിലെ വനിതാ വിഭാഗത്തിന്റെ തലവനാകാമെന്ന സംശയമാണ് ശക്തമാകുന്നത്.
ഡല്‍ഹി സ്‌ഫോടനത്തിനും ജെയ്‌ഷെ ഭീകര ഗ്രൂപ്പിനും ഇടയില്‍ രണ്ട് ബന്ധങ്ങള്‍ ഉള്ളതായാണ് സംശയം ഉടലെടുക്കുന്നത്. ആദ്യത്തേത് ആക്രമണം നടത്തിയ ഭീകര മൊഡ്യൂളാണ്. രണ്ടാമത്തേത് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയ ഡോ ഷഹീന ഷാഹിദാണ്. ഹരിയാനയിൽ രജിസ്റ്റർ ചെയ്ത സ്വിഫ്റ്റ് ഡിസയർ കാറിൽ നിന്ന് ഒരു എകെ ക്രിങ്കോവ് റൈഫിൾ, മൂന്ന് മാഗസിനുകൾ, ഒരു പിസ്റ്റൾ, രണ്ട് ഒഴിഞ്ഞ വെടിയുണ്ടകൾ, രണ്ട് അധിക മാഗസിനുകൾ എന്നിവയാണ് ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തത്.
ലക്നൗവിലെ ലാൽ ബാഗിലാണ് ഡോ. ഷഹീൻ ഷാഹിദ് താമസിക്കുന്നത്. അറസ്റ്റിനുശേഷം, ഇവരെ ജമ്മു കശ്മീർ പോലീസ് ചോദ്യം ചെയ്യലിനായി വിമാനമാർഗം ശ്രീനഗറിലേക്ക് കൊണ്ടുവന്നു. അവർ സ്വയം സ്‌ഫോടകവസ്തുക്കൾ എത്തിച്ചോ അതോ ലോജിസ്റ്റിക്കൽ പിന്തുണ നൽകിയോ എന്നും അന്വേഷിക്കുന്നുണ്ട്.
2025 ഏപ്രിലിൽ 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരൻ മസൂദ് അസ്ഹർ സ്ഥാപിച്ച ജെയ്‌ഷെയ്ക്കെതിരെ ഇന്ത്യൻ സെെന്യം വ്യാപകമായനടപടികളാണ് കെെക്കൊണ്ടത്. ഓപ്പറേഷൻ സിന്ദൂരിൻ്റെ ഭാഗമായുള്ള വ്യോമാക്രമണങ്ങൾ ബഹവൽപൂരിലെ ജെയ്‌ഷെ ആസ്ഥാനമടക്കം നശിപ്പിച്ചിരുന്നു,
ബഹാവൽപൂരിൽ നടന്ന ആക്രമണത്തിൽ ജെയ്ഷ സ്ഥാപകനേതാവ് മസൂദ് അസ്ഹറിൻ്റെ സഹോദരീഭർത്താവ് യൂസഫ് അസ്ഹർ ഉൾപ്പെടെ ഭീകര കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടിരുന്നു. യൂസഫ് അസ്ഹർ വിവാഹം കഴിച്ചത് ഭീകര നേതാവിന്റെ ഇളയ സഹോദരി സാദിയ അസ്ഹറിനെയാണ് .അതിനുശേഷം, പാകിസ്താൻ ഡീപ്-സ്റ്റേറ്റിൽ നിന്നുള്ള സാമ്പത്തിക, ലോജിസ്റ്റിക്കൽ പിന്തുണയോടെ ഭീകരസംഘടന പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഓഗസ്റ്റിൽ ഗ്രൂപ്പ് ഒരു ‘ഫണ്ട്-റൈസിംഗ്’ കാമ്പെയ്‌ൻ ആരംഭിച്ചതായും ‘ലോകത്തെ ഒരു പറുദീസയാക്കി മാറ്റുമെന്ന’ വാഗ്ദാനങ്ങളോടെ റിക്രൂട്ട്‌മെന്റ് ശക്തമാക്കിയതായും വിവരങ്ങളുണ്ടായിരുന്നു.
ആ പുനർനിർമ്മാണത്തിന്റെ ഒരു ഭാഗം ‘വനിതാ വിഭാഗം’ – ജമാഅത്ത് ഉൽ-മുമിനത്ത് – ആരംഭിക്കുക എന്നതായിരുന്നു. ഇതിൻ്റെ ചുമതല മസൂദ് അസ്ഹറിൻ്റെ സാദിയ അസ്ഹറിനായിരുന്നു. സ്ത്രീകളെ പഠിപ്പിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമായി സാദിയ അസ്ഹറും മറ്റൊരു സഹോദരി സമൈറ അസ്ഹറും 40 മിനിറ്റ് വീതമുള്ള ‘ഓൺലൈൻ ക്ലാസുകൾ നടത്തിവരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം ജെയ്‌ഷെ കമാൻഡർമാരുടെ ഭാര്യമാരിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇരുവരോടും ഭീകരനേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.









Discussion about this post