റായ്പുർ : ഛത്തീസ്ഗഡിലെ ബീജാപൂരിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. 6 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്ത് രാവിലെ 10 മണി മുതൽ സുരക്ഷാ സേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഇടവിട്ടുള്ള വെടിവെപ്പുകൾ ഉണ്ടായിരുന്നു. വൈകുന്നേരത്തോടെ 6 കമ്മ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സുരക്ഷാസേന വ്യക്തമാക്കി.
കൊല്ലപ്പെട്ട കമ്മ്യൂണിസ്റ്റ് ഭീകരരിൽ നിന്നും ഓട്ടോമാറ്റിക് ആയുധങ്ങൾ, ഇൻസാസ് റൈഫിളുകൾ, സ്റ്റെൻഗണുകൾ, .303 റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവയുൾപ്പെടെ വലിയ അളവിൽ ആയുധശേഖരം കണ്ടെത്തിയിട്ടുണ്ട്. മേഖലയിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബിജാപൂർ, ദന്തേവാഡ ജില്ലകളിൽ നിന്നുള്ള പോലീസിന്റെ ജില്ലാ റിസർവ് ഗാർഡ്, ദന്തേവാഡ ഡിആർജി, സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) എന്നിവരുടെ സംയുക്ത സംഘമാണ് ഇന്ന് രാവിലെ തിരച്ചിൽ ആരംഭിച്ചത്.
സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ നിന്നും രക്ഷപ്പെട്ട മറ്റ് കമ്മ്യൂണിസ്റ്റ് ഭീകരരെ വളയാനും പിടികൂടാനുമായി ഡിആർജി, എസ്ടിഎഫ്, ബസ്തർ ഫൈറ്റർ, സിആർപിഎഫ്, സിഎഎഫ് പോലീസ് സേനകളിൽ നിന്നുള്ള അധിക ടീമുകളെ ചുറ്റുമുള്ള പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഇന്ന് നടന്ന കമ്മ്യൂണിസ്റ്റ് ഭീകരവിരുദ്ധ ദൗത്യത്തോടെ ഈ വർഷം ഇതുവരെ ഛത്തീസ്ഗഡിൽ നടന്ന ഏറ്റുമുട്ടലുകളിൽ 259 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഇതിൽ 230 പേർ ബീജാപൂർ ഉൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിൽ ആണ് കൊല്ലപ്പെട്ടത്.









Discussion about this post