ന്യൂഡൽഹി : ഫരീദാബാദിൽ നിന്നും വന്‍ സ്ഫോടക ശേഖരം പിടികൂടിയ സംഭവത്തിൽ മറ്റൊരു വഴിത്തിരിവ്. ഭീകര ശൃംഖല ബംഗ്ലാദേശ്, നേപ്പാൾ അതിർത്തികൾ വഴിയാണ് ഇന്ത്യയിലേക്ക് സ്ഫോടക വസ്തുക്കൾ കടത്തിയത് എന്നാണ് അന്വേഷണത്തിൽ നിന്നും വ്യക്തമായിരിക്കുന്നത്. 3,200 കിലോഗ്രാം സ്ഫോടകവസ്തുക്കൾ ഇന്ത്യയിലേക്ക് കടത്തിയെന്നാണ് ലഭിച്ചിട്ടുള്ള സൂചന.
നിലവിൽ ഫരീദാബാദിലെ രണ്ടിടങ്ങളിൽ നിന്നായി 2900 കിലോഗ്രാം വസ്തുക്കൾ ആണ് അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തിട്ടുള്ളത്. ബാക്കി 300 കിലോഗ്രാമോളം സ്ഫോടകവസ്തുക്കൾ ഈ തീവ്രവാദ സംഘം മറ്റെവിടെയെങ്കിലും സൂക്ഷിച്ചിരിക്കാം എന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്. ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ ചാവേർ സ്ഫോടനത്തിൽ 70 കിലോഗ്രാമോളം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചിരുന്നതായാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
ബംഗ്ലാദേശ്, നേപ്പാൾ വഴി കടത്തിയ സ്ഫോടക വസ്തുക്കൾ അമോണിയം നൈട്രേറ്റ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അയോധ്യ, വാരണാസി എന്നിവയുൾപ്പെടെ ഉത്തർപ്രദേശിലെ മതപരവും ഉന്നതവുമായ സ്ഥലങ്ങൾ ആക്രമിക്കാൻ അറസ്റ്റിലായ തീവ്രവാദികളുടെ ഘടകം പദ്ധതിയിട്ടിരുന്നതായി പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളിലൊരാളായ ഡോ. ഷഹിൻ അയോധ്യയിൽ ഒരു സ്ലീപ്പർ മൊഡ്യൂൾ തയ്യാറാക്കിയിരുന്നതായും റിപ്പോർട്ടുണ്ട്. കാണാതായ സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിനും മൊഡ്യൂളുമായി ബന്ധപ്പെട്ട സ്ലീപ്പർ സെല്ലുകൾ കണ്ടെത്തുന്നതിനുമായി സുരക്ഷാ ഏജൻസികൾ ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിൽ ഏകോപിതമായി തിരച്ചിൽ തുടരുകയാണ്.









Discussion about this post