ന്യൂഡൽഹി : ഡൽഹി കാർ സ്ഫോടന കേസിലെ മുഖ്യപ്രതി ഉമർ നബി വാങ്ങിയ രണ്ടാമത്തെ കാറും കണ്ടെത്തി അന്വേഷണസംഘം. ഡൽഹിയിൽ സ്ഫോടനം നടത്തിയ കാർ കൂടാതെ ഭീകരർ മറ്റൊരു കാർ കൂടി വാങ്ങിയതായി നേരത്തെ തന്നെ അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. തുടർന്ന് അന്വേഷണ ഏജൻസികളും പോലീസും ഈ കാറിനായുള്ള തിരച്ചിൽ ശക്തമാക്കി. തുടർന്ന് ഫരീദാബാദിന് സമീപം ഒരു ഗ്രാമത്തിൽ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തുകയായിരുന്നു.
ഡോ. ഉമർ ഉൻ നബിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റെഡ് ഫോർഡ് ഇക്കോസ്‌പോർട്ട് കാർ ആണ് അന്വേഷണസംഘം കണ്ടെത്തിയത്. ഹരിയാനയിലെ ഖണ്ഡാവലി ഗ്രാമത്തിന് സമീപം പാർക്ക് ചെയ്ത നിലയിൽ DL10CK0458 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് കാർ കണ്ടെത്തുകയായിരുന്നു. ദേശീയ തലസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പോസ്റ്റുകളിലും അതിർത്തി ചെക്ക്‌പോസ്റ്റുകളിലും ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ടിനെ കണ്ടെത്താൻ ഡൽഹി പോലീസ് മുന്നറിയിപ്പ് നൽകി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ കാർ കണ്ടെത്താൻ കഴിഞ്ഞത് വലിയ ആശ്വാസമായി.
ഡൽഹി കാർ സ്ഫോടനത്തിന് പിന്നിലെ പ്രതികൾ രണ്ടു കാറുകൾ വാങ്ങിയിരുന്നതായി കണ്ടെത്തിയത് മറ്റൊരു സ്ഫോടനത്തിനുള്ള ആശങ്കക്ക് വഴി വെച്ചിരുന്നു. ഒരു ഹ്യുണ്ടായ് i20 കാറും ഒരു ഫോർഡ് ഇക്കോസ്‌പോർട് കാറുമാണ് ഭീകരർ വാങ്ങിയിരുന്നതായി അന്വേഷണ സംഘത്തിന് വ്യക്തമായത്. ഇതിൽ ഹ്യുണ്ടായ് i20 കാർ ഉപയോഗിച്ചാണ് ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയത്. ഫരീദാബാദിൽ കണ്ടെത്തിയ ഭീകര ശൃംഖലയുമായി ബന്ധമുള്ള മറ്റ് ആളുകൾക്കായും പോലീസും മറ്റ് അന്വേഷണ ഏജൻസികളും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.









Discussion about this post