ന്യൂഡൽഹി : ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം കാർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ചാവേർ ഡോ. ഉമർ ഉൻ നബി തന്നെയെന്ന് സ്ഥിരീകരിച്ച് ഡിഎൻഎ റിപ്പോർട്ട്. നവംബർ 10 ന് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം 12 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഹ്യുണ്ടായ് ഐ 20 കാർ ഓടിച്ചിരുന്നത് ഡോക്ടർ ഉമർ ഉൻ നബിയാണെന്ന് ഫോറൻസിക് ഫലങ്ങൾ സ്ഥിരീകരിച്ചതായി ഡൽഹി പോലീസ് അറിയിച്ചു.
ഡൽഹി സ്ഫോടനത്തിന് പിന്നാലെ തന്നെ, ഫരീദാബാദ് കേസിൽ പോലീസ് തിരയുന്ന മറ്റൊരു ഡോക്ടറായ ഭീകരൻ ഉമർ നബി ആണ് സ്ഫോടനം നടത്തിയ കാർ ഓടിച്ചിരുന്നത് എന്ന സൂചന പോലീസിന് ലഭിച്ചിരുന്നു. സംഭവ സ്ഥലത്തിന്റെ സമീപത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഇക്കാര്യം സാധൂകരിക്കുന്നതായിരുന്നു. തുടർന്ന് പോലീസ് ഉമർ നബിയുടെ മാതാവ് ഉൾപ്പെടെയുള്ള ബന്ധുക്കളെ കസ്റ്റഡിയിലെടുക്കുകയും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.
സ്ഫോടന സ്ഥലത്ത് നിന്ന് കണ്ടെടുത്ത എല്ലുകളിൽ നിന്നും പല്ലുകളിൽ നിന്നും വേർതിരിച്ചെടുത്ത ഡിഎൻഎ സാമ്പിളുകളുമായി ഡോ. ഉമറിന്റെ അമ്മയുടെ ഡിഎൻഎ സാമ്പിളുകൾ ഒത്തുചേർന്നതിനെ തുടർന്നാണ് ഇപ്പോൾ ചാവേർ ഉമർ നബി തന്നെയാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഡോ. ഉമറിന്റെ അമ്മയിൽ നിന്ന് എടുത്ത ഡിഎൻഎ സാമ്പിളുകൾ കാറിൽ നിന്ന് കണ്ടെടുത്ത അവശിഷ്ടങ്ങളുമായി 100 ശതമാനം പൊരുത്തപ്പെട്ടതായി ഡിഎൻഎ റിപ്പോർട്ട് വ്യക്തമാക്കുന്നു.
സ്ഫോടനം നടക്കുമ്പോൾ വാഹനത്തിൽ ഡോ. ഉമർ നബി ഒറ്റയ്ക്കായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഫരീദാബാദിൽ സുരക്ഷാ ഏജൻസികൾ നേരത്തെ കണ്ടെത്തിയ ഭീകര സംഘത്തിലെ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട ഡോ. ഉമർ നബി. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ടാണ് ഈ ഭീകരസംഘം പ്രവർത്തിച്ചിരുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ ദേശീയ അന്വേഷണ ഏജൻസി ഊർജ്ജിതമാക്കിയിട്ടുണ്ട്.









Discussion about this post