ന്യൂഡൽഹി : നവംബർ 10 ന് ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന ചാവേർ കാർ സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 13 ആയി ഉയർന്നു. സ്ഫോടനത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാളാണ് ഇന്ന് മരിച്ചത്. മരിച്ച വ്യക്തിയുടെ പേര് ബിലാൽ എന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഫോടനത്തിൽ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റവരിൽ പലരും ഇപ്പോഴും നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം സ്ഫോടന സ്ഥലത്തിന് സമീപമുള്ള ന്യൂ ലജ്പത് റായ് മാർക്കറ്റിൽ ഫോറൻസിക് സയൻസ് ലബോറട്ടറിയും ഡൽഹി പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഒരു ശരീരഭാഗം കണ്ടെടുത്തു. വിശദമായ അന്വേഷണത്തിനായി ഈ ശരീരഭാഗം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
ഡൽഹി കാർ ചാവേർ സ്ഫോടനം ഭീകരാക്രമണം ആണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭായോഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. നിലവിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആണ് ഡൽഹിയിലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്ഫോടന സ്ഥലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഡിഎൻഎ പരിശോധനയിൽ, പൊട്ടിത്തെറിച്ച കാർ ഓടിച്ചത് ഡോ. ഉമർ നബിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.









Discussion about this post