അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) തങ്ങളുടെ ഹോം ഗ്രൗണ്ടിൽ മത്സരങ്ങൾ ലഭിക്കില്ല. ജൂൺ 4 ന് ആർസിബിയുടെ കിറട വിജയത്തിന് ശേഷം നടന്ന വിജയ പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് നിലവിൽ എം. ചിന്നസ്വാമി സ്റ്റേഡിയം സസ്‌പെൻഷനിലാണ്. അവിടെ മത്സരങ്ങൾ നടത്താനുള്ള അനുമതി ബിസിസിഐ നൽകിയിട്ടില്ല.
പകരമായി, ആർസിബി അവരുടെ എല്ലാ ഹോം മത്സരങ്ങളും ഗഹുഞ്ചെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) സ്റ്റേഡിയത്തിൽ കളിച്ചേക്കും എന്നാണ് റിപ്പോർട്ട്.
“ഈ ക്രമീകരണം (പുണെ ആർസിബിയുടെ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്) ചർച്ചയിലാണെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തിക്കിലും തിരക്കിലും പെട്ട് കർണാടകയിൽ പ്രശ്നങ്ങൾ ഉണ്ടായല്ലോ. അതിനാൽ, അവർ ഒരു വേദി അന്വേഷിക്കുകയാണ്, ഞങ്ങൾ അവർക്ക് ഞങ്ങളുടെ സ്റ്റേഡിയം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രാഥമിക ചർച്ചകൾ നടക്കുന്നുണ്ട്, പരിഹരിക്കേണ്ട ചില സാങ്കേതിക കാര്യങ്ങളുണ്ട്. കാര്യങ്ങൾ ശരിയാകുകയാണെങ്കിൽ, ഒരുപക്ഷേ അതെ, പൂനെ അവരുടെ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും, ”മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി കമലേഷ് പിസാൽ TOI യോട് പറഞ്ഞു.
അതേസമയം, ആർസിബിയുടെ പുരുഷ, വനിതാ ടീമുകളെ, ഉടമകൾ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. ഫ്രാഞ്ചൈസിയുടെ ഉടമയായ ഡിയാജിയോ ഇതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു, ഇത് 2026 മാർച്ച് 31 നകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.













Discussion about this post