ശ്രീനഗർ : ജമ്മുകശ്മീരിൽ രണ്ട് ‘ഹൈബ്രിഡ് തീവ്രവാദികൾ’ അറസ്റ്റിൽ. സോപോറിൽ പോലീസും സുരക്ഷാ സേനയും വ്യാഴാഴ്ച നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഷബ്ബീർ നാസർ, ഷബ്ബീർ മിർ എന്നീ രണ്ട് ഹൈബ്രിഡ് തീവ്രവാദികളാണ് അറസ്റ്റിൽ ആയത്. മുൻപ് കുറ്റകൃത്യങ്ങളുടെ ചരിത്രം ഇല്ലാത്തവരും, തീവ്രവാദി പട്ടികയിൽ പേരില്ലാത്തവരുമായ തീവ്രവാദികളെ ആണ് ഹൈബ്രിഡ് തീവ്രവാദികൾ എന്ന് വിശേഷിപ്പിക്കുന്നത്.
സൈന്യത്തിന്റെയോ സുരക്ഷാസേനകളുടെയോ നിരീക്ഷണങ്ങളിൽ ഇല്ലാത്തവർ ആയതിനാൽ പലപ്പോഴും ഇവർ കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ് പതിവ്. ജമ്മുകശ്മീരിൽ ഇത്തരത്തിലുള്ള ഹൈബ്രിഡ് തീവ്രവാദികൾ സുരക്ഷാസേനയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വ്യാഴാഴ്ച ഫ്രൂട്ട് മണ്ടി സോപോറിൽ നിന്ന് അഹത് ബാബ ക്രോസിംഗിലേക്ക് വരികയായിരുന്ന രണ്ട് പേർ സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഇവരെ പിടികൂടി പരിശോധിച്ചപ്പോഴാണ് ആയുധങ്ങളും ചെറിയ സ്ഫോടക വസ്തുക്കളും കണ്ടെടുത്തത്.
ഡൽഹി ഭീകരാക്രമണത്തിനുശേഷം ജമ്മുകാശ്മീരിൽ സുരക്ഷാസേന വ്യാപകമായ തിരച്ചിലുകൾ നടത്തി വരുന്നുണ്ട്. പൂഞ്ച് ജില്ലയിലെ ആറ് അതിർത്തി പ്രദേശങ്ങളിൽ വ്യാഴാഴ്ച സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചു. സാൽവ വനങ്ങൾ, ബറേല കാസ്, കസ്ബലാരി, ബാഗ്യോട്ടെ, പർണായി പ്രോജക്റ്റ് നക്ക മഞ്ജാരി, ഗുർസായ് മുറി അതിർത്തി പ്രദേശങ്ങളിൽ ഗ്രൂപ്പ് (എസ്‌ഒജി), ആർമി, സിആർപിഎഫ് എന്നിവയുടെ സംയുക്ത സംഘം പ്രത്യേക തിരച്ചിൽ ഓപ്പറേഷൻ നടത്തി. എന്തെങ്കിലും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരങ്ങൾ കൈമാറാൻ സുരക്ഷാ സേന പ്രദേശവാസികളോട് അഭ്യർത്ഥിച്ചു.









Discussion about this post