ന്യൂഡൽഹി : പ്രഥമ അന്ധ വനിതാ ടി20 ലോകകപ്പിൽ ചരിത്രവിജയം കുറിച്ച് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ വനിതാ ടീമിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ടീമിന്റെ കൂട്ടായ മനക്കരുത്ത്, അച്ചടക്കം, അചഞ്ചലമായ വിശ്വാസം എന്നിവയുടെ തെളിവാണ് ഈ വിജയമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ടൂർണമെന്റിലുടനീളം തോൽവിയറിയാതെ ആണ് ഇന്ത്യയുടെ പെൺപുലികൾ ഈ ചരിത്ര വിജയം നേടിയെടുത്തത്.
കൊളംബോയിലെ പി സാറ ഓവലിൽ ഞായറാഴ്ചയാണ് പ്രഥമ അന്ധ വനിതാ ടി20 ലോകകപ്പ് ഫൈനൽ നടന്നത്. ഫൈനലിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം കിരീടം നേടിയത്. ലീഗ് ഘട്ടത്തിൽ ശ്രീലങ്ക, ഓസ്‌ട്രേലിയ, നേപ്പാൾ, യുഎസ്എ, പാകിസ്താൻ എന്നീ ടീമുകളെ എല്ലാം ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
സെമിഫൈനലിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ഇന്ത്യൻ ടീം ഫൈനലിൽ പ്രവേശിച്ചിരുന്നത്. “പരമ്പരയിൽ അവർ തോൽവിയറിയാതെ തുടർന്നു എന്നതാണ് ഏറെ പ്രശംസനീയം” എന്ന് എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ മോദി അറിയിച്ചു. “ഇത് തീർച്ചയായും ഒരു ചരിത്ര കായിക നേട്ടമാണ്, കഠിനാധ്വാനത്തിന്റെയും ടീം വർക്കിന്റെയും ദൃഢനിശ്ചയത്തിന്റെയും തിളക്കമാർന്ന ഉദാഹരണമാണ്. ഓരോ കളിക്കാരനും ഒരു ചാമ്പ്യനാണ്! ടീമിന്റെ ഭാവി ശ്രമങ്ങൾക്ക് എന്റെ ആശംസകൾ. ഈ നേട്ടം വരും തലമുറകൾക്ക് പ്രചോദനമാകും,” എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.









Discussion about this post