മുൻ പാക് ആണവ ശാസ്ത്രജ്ഞൻ എ.ക്യു ഖാൻ (അബ്ദുൾ ഖദീർ ഖാൻ) ‘മരണത്തിന്റെ വ്യാപാരി’ എന്ന് വിളിപ്പേരു വന്നതിന്റെ കാരണം വെളിപ്പെടുത്തി സിഐഎ മുൻ ഏജന്റ്. ‘മാഡ് ഡോഗ്’ എന്ന പേരിലറിയപ്പെടുന്ന മുൻ സിഐഎ ചാരന്‍ ജെയിംസ് ലോലർ ആണ് വെളിപ്പെടുത്തൽ നടത്തിയത്.. എ.ക്യു. ഖാൻ, ഇറാൻ, ഉത്തരകൊറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങൾക്ക് നിയമവിരുദ്ധമായി സാങ്കേതികവിദ്യയും അറിവും നൽകുന്ന വിപുലമായ ഒരു ആണവ കരിഞ്ചന്ത ശൃംഖല നടത്തിവരികയായിരുന്നു.
പാകിസ്താൻ്റെ ആണവ രഹസ്യങ്ങൾ, എ.ക്യു ഖാൻ വിദേശത്തേക്ക് വിൽക്കുന്നുണ്ടെന്നതിന് “തികച്ചും നിഷേധിക്കാനാവാത്ത തെളിവുകൾ” ഉപയോഗിച്ച് അന്നത്തെ പ്രസിഡന്റ് പർവേസ് മുഷറഫ് ഉൾപ്പെടെയുള്ള പാക് നേതൃത്വത്തെ യുഎസ് ഇന്റലിജൻസ് നേരിട്ടുവെന്ന് ജെയിംസ് ലോലർ പറഞ്ഞു .ആഗോള ആണവ വ്യാപന ശൃംഖല നടത്തിയിരുന്നതിനാൽ ആണവ ശാസ്ത്രജ്ഞനായ ഖാൻ തന്റെ ശമ്പളത്തിൽ ചില പാക് ജനറൽമാരെയും നേതാക്കളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ലോലർ വെളിപ്പെടുത്തി.
പാകിസ്താൻ്റെ ആണവ ശേഷി വികസിപ്പിക്കുന്നതിൽ ഖാന്റെ പങ്ക് അമേരിക്ക വർഷങ്ങളായി നിരീക്ഷിച്ചിരുന്നുവെന്നും ആണവ വിഭവങ്ങൾ പാകിസ്താന് നൽകുന്നത് ഗൗരവമുള്ളതാണെന്ന് തങ്ങൾ ആദ്യ ഘട്ടത്തിൽ കരുതിയിരുന്നില്ലെന്നും ജെയിംസ് പറയുന്നു. എന്നാൽ പിന്നീടങ്ങോട്ട് എ.ക്യു.ഖാൻ തന്റെ സാമ്രാജ്യം വികസിപ്പിച്ചുവെന്നും വൈകാതെ ‘മരണത്തിന്റെ വ്യാപാരി’ എന്ന് വിളിപ്പേര് നൽകുകയായിരുന്നുവെന്നുമാണ് ജെയിംസ് ലോലർ പറയുന്നത്.
ഒരു വശത്ത് ഇറാന്റെ ആണവ വികസനത്തെ എതിർത്തിരുന്ന അമേരിക്ക, ഖാന്റെ പിന്തുണയോടെ വികസിച്ചിരുന്ന പാകിസ്താൻ്റെ ആണവ ശക്തിയെ കണ്ടില്ലെന്ന് നടിച്ചെന്നും ഇത് പല പ്രത്യാഘാതങ്ങള്‍ക്കും കാരണമായെന്നും ജെയിംസ് ലോലർ വെളിപ്പെടുത്തി.
എക്യുഖാനെ ഇല്ലാതാക്കാൻ അമേരിക്ക ശ്രമിച്ചിരുന്നുവെന്നും സൗദി അറേബ്യയുടെ നേരിട്ടുള്ള ഇടപെടലിൽ തീരുമാനം മാറ്റുകയായിരുന്നുവെന്നും ജെയിംസ് ലോലർ പറഞ്ഞിരുന്നു.ലോക്കേഷൻ, ദിനചര്യ അടക്കം അബ്ദുൾ ഖദീർ ഖാനെ കുറിച്ചുള്ള പൂർണ്ണ വിവരം അമേരിക്കയുടെ കൈവശമുണ്ടായിരുന്നു. എന്നാൽ സൗദി ഇടപെടലിൽ മിഷൻ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.













Discussion about this post