രഞ്ജിത്തിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, സിദ്ദിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, നവ്യ നായർ, കവിയൂർ പൊന്നമ്മ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പ്രദർശനത്തിനെത്തിയ ചിത്രമായിരുന്നു നന്ദനം. നവ്യ നായർ ബാലാമണി എന്ന കഥാപാത്രമായി ശരിക്കും ജീവിച്ച ചിത്രം അവരുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു.
ഗുരുവായൂരിലെ ഒരു തറവാട്ടിലെ ജോലിക്കാരിയും, കൃഷ്ണ ഭക്തയുമായ ബാലാമണിയുടെ (നവ്യാ നായർ) ജീവിതമാണ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. തറവാട്ടിലെ പേരക്കുട്ടിയായ മനു ( പൃഥ്വിരാജ്) അവതരിപ്പിച്ച കഥാപാത്രവുമായി ബാലാമണി പതുക്കെ പ്രണയത്തിലാകുന്നതും ശേഷം അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്. വീട്ടിലെ വേലക്കാരിയായ ബാലാമണിയും കോടീശ്വരനായ മനുവുമൊത്തുള്ള വിവാഹം നടക്കാൻ സാധ്യതയില്ലാത്ത ഘട്ടത്തിൽ അവരെ സഹായിക്കാൻ അരവിന്ദ് അശോക് അവതരിപ്പിച്ച ഉണ്ണികൃഷ്ണൻ വരുന്നു.
എന്നാൽ അയല്പക്കത്ത് താമസിക്കുന്ന ജാനകി ഏടത്തിയുടെ മകൻ എന്ന രീതിയിൽ ബാലാമണിയോട് കൂട്ടുകൂടുന്ന, അവളുടെ പ്രശ്നങ്ങളിൽ സഹായിക്കുന്ന ആൾ താൻ ആരാധിക്കുന്ന ഗുരുവായൂരപ്പൻ ആണെന്ന് ബാലാമണി അറിയുന്ന ഒരു രംഗമുണ്ട്. മനുവുമൊത്തുള്ള വിവാഹമൊക്കെ കഴിഞ്ഞ് ഉണ്ണിയേട്ടന് നന്ദി പറയാനെത്തുന്ന ബാലാമണി അവിടെ ഒരു കാഴ്ച കണ്ട് ഞെട്ടുകയാണ്.
ഉണ്ണിയെ കാണാൻ ബാലാമണി എത്തുന്നു, ഉണ്ണിയേട്ടനോട് എന്തൊക്കെയോ പറഞ്ഞുകൊണ്ട് നടന്നുവരുമ്പോൾ ഇരുവരും ഒരു ഗ്രില്ലിന് അപ്പുറവും ഇപ്പുറവും നിൽക്കുകയാണ്. എന്നാൽ ഗ്രില്ലിന്റെ പുറത്ത് ഇരുവരും നേർക്കുനേർ വരുമ്പോൾ ബാലാമണി ഷോക്ക് ആകുന്നു. എന്താണ് താൻ ഈ കാണുന്നത് എന്ന രീതിയിൽ അവൾ നിൽകുമ്പോൾ ഉണ്ണിയേട്ടനായി വരുന്നത് സുധീഷ് ആയിരുന്നു. താനാണ് ഉണ്ണിയെന്നും വയ്യാതെ ഇരുന്നത് കൊണ്ട് ആയിരുന്നു പുറത്തുവരാതെ ഇരുന്നത് എന്നും അയാൾ പറയുന്നു.
താൻ ഉണ്ണിയെന്ന് വിചാരിച്ച് ഇത്രയും നാളും കണ്ടത് ഗുരുവായൂരപ്പനെ തന്നെ ആയിരുന്നു എന്ന് അപ്പോഴാണ് അവൾ തിരിച്ചറിയുന്നത്. ഇതിൽ രഞ്ജിത്ത് ബ്രില്ലിയൻസ് എന്താണെന്ന് വെച്ചാൽ, സുധീഷിന്റെ ശബ്ദം തന്നെയാണ് ഗുരുവായൂരപ്പന് വേണ്ടിയും രഞ്ജിത്ത് ഉപയോഗിച്ചത്. അതുകൊണ്ടാണ് ഗ്രില്ലിന് അപ്പുറം സംസാരിച്ച സമയത്ത് ബാലാമണി സംശയിക്കാതിരിക്കുന്നത്.













Discussion about this post