റായ്പുർ : കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭീകരവിരുദ്ധ ദൗത്യങ്ങൾ തുടരുന്നതിനിടയിൽ ഇന്ന് ഛത്തീസ്ഗഡിൽ 15 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് തിങ്കളാഴ്ച 15 കമ്മ്യൂണിസ്റ്റ് ഭീകരർ സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങിയത്. ഈ കീഴടങ്ങിയവരിൽ തലയ്ക്ക് 48 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന 9 ഭീകരരും ഉൾപ്പെടുന്നു.
അഞ്ച് സ്ത്രീകളും പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) അംഗങ്ങളും ഉൾപ്പടെയുള്ള സംഘമാണ് ജില്ലാ ഭരണകൂടത്തിനു മുൻപിൽ കീഴടങ്ങിയിട്ടുള്ളത്. കീഴടങ്ങിയ കേഡർമാർ മുതിർന്ന പോലീസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി സുക്മ പോലീസ് സൂപ്രണ്ട് കിരൺ ചവാൻ സ്ഥിരീകരിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന, പുനരധിവാസ സംരംഭങ്ങളിൽ ആകൃഷ്ടരായാണ് കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയിരിക്കുന്നത്.
പിഎൽജിഎയിലെ കടുത്ത അംഗങ്ങളായ മാദ്‌വി സന്ന (28), ഭാര്യ സോഡി ഹിഡ്‌മെ (25), സൂര്യം എന്ന റാവ്വ സോമ (30), ഭാര്യ മീന എന്ന മാദ്‌വി ഭീമെ (28) എന്നിവർക്ക് 8 ലക്ഷം രൂപയുടെ വ്യക്തിഗത പാരിതോഷികം ഛത്തീസ്ഗഡ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. കീഴടങ്ങിയ മറ്റ് കേഡർമാരിൽ 5 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്ന രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങളും, 3 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മറ്റു ചില കമ്മ്യൂണിസ്റ്റ് ഭീകരരും ഉൾപ്പെടുന്നുണ്ട്. പുനരധിവാസ പ്രക്രിയയുടെ ഭാഗമായി കീഴടങ്ങിയ ഓരോ കേഡറിനും 50,000 രൂപ അടിയന്തര സഹായം ലഭിക്കുന്നതാണ്.









Discussion about this post