അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ ധ്വജാരോഹണ ചടങ്ങ് പൂർത്തീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറ്റാണ്ടുകൾ പഴക്കമുള്ള വേദനയ്ക്ക് അവസാനമായെന്ന് ധ്വജാരോഹണ ചടങ്ങ് നിർവ്വഹിച്ച് പ്രധാനമന്ത്രി പറഞ്ഞു. 500 വർഷം പഴക്കമുള്ള ഒരു ദൃഢനിശ്ചയത്തിന്റെ പൂർത്തീകരണമായി പതാകഉയർത്തിയ നിമിഷത്തെ വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദി, പതാക ശ്രീരാമന്റെ ആദർശങ്ങൾ ഉൾക്കൊള്ളുന്നതെന്നും സത്യത്തിന്റെയും നീതിയുടെയും വിജയത്തെ പ്രതീകപ്പെടുത്തുന്നതായും പറഞ്ഞു.
ഇന്ത്യ ഒരു ചരിത്രപരമായ ആത്മീയ നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ ഭക്തന്റെ ഉള്ളിലും സമാനതകളില്ലാത്ത സംതൃപ്തിയും അതിരുകളില്ലാത്ത കൃതജ്ഞതയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടുകളുടെ മുറിവുകൾ ഇന്ന് ഉണങ്ങുകയാണ്. നൂറ്റാണ്ടുകളുടെ വേദനയ്ക്ക് ഇന്ന് വിരാമമാവുകയാണ്. ഈ ദിവസം നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പ്രതിജ്ഞയുടെ പൂർത്തീകരണത്തെയും തലമുറകളായി നീണ്ടുനിന്ന ഒരു പോരാട്ടത്തിന്റെ പൂർണതയെയും അടയാളപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളുടെ ദൃഢനിശ്ചയം ഇന്ന് പൂർത്തീകരിക്കപ്പെടുന്നു. 500 വർഷം ജ്വലിച്ചുനിന്ന ആ യജ്ഞത്തിന്റെ പരിസമാപ്തിയാണ് ഇന്ന്. ആ യജ്ഞം ഒരു നിമിഷം പോലും വിശ്വാസത്തിൽ നിന്ന് പതറുകയോ വ്യതിചലിക്കുകയോ ചെയ്തില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പതാക ‘നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായി’ വർത്തിക്കുമെന്നും പൗരന്മാരെ ഉണർവിന്റെയും സമർപ്പണത്തിന്റെയും പാതയിലേക്ക് നയിക്കുമെന്നും പറഞ്ഞു. ‘നൂറ്റാണ്ടുകളിലൂടെ കടന്നുപോയ’തും സന്യാസിമാരുടെ തപസ്സിലൂടെയും പരിശ്രമത്തിലൂടെയും പൂർത്തീകരിക്കപ്പെട്ടതുമായ കൂട്ടായ സ്വപ്നങ്ങളുടെ മൂർത്തീഭാവമാണ് ഇത്. ശ്രീരാമന്റെ ആദർശങ്ങൾ ലോകത്തിന് പ്രഖ്യാപിക്കുന്ന ധർമ്മ പതാകയാണെന്ന് അദ്ദേഹം പറഞ്ഞു, സത്യത്തിന്റെയും നീതിയുടെയും ശാശ്വത മൂല്യങ്ങൾക്കുവേണ്ടിയാണ് ഇത് നിലകൊള്ളുന്നതെന്ന് മോദി കൂട്ടിച്ചേർത്തു
പ്രത്യേക അഭിജിത് മുഹൂർത്തത്തിൽ, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രി മോദി ധ്വജാരോഹണം നിർവ്വഹിച്ചത്. അതേസമയം,അയോദ്ധ്യ ക്ഷേത്രത്തിലെ ശിഖിരത്തിലെ 191 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്. അയോദ്ധ്യയിൽ ഉയർന്ന പതാക ധർമ്മ പതാകയെന്നറിയപ്പെടുമെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി.













Discussion about this post