ന്യൂഡൽഹി : മതപരമായ കാരണങ്ങളുടെ പേരിൽ തന്നെ ഇന്ത്യൻ സൈന്യത്തിൽ നിന്നും പിരിച്ചുവിട്ടു എന്ന ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ച മുൻ സൈനികന് കോടതിയിൽ നിന്നും രൂക്ഷ വിമർശനം. 2021-ൽ സൈന്യത്തിൽ നിന്നും പിരിച്ചുവിട്ട മുൻ ലെഫ്റ്റനന്റ് സാമുവൽ കമലേശൻ ആണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ക്രിസ്തുമത വിശ്വാസിയായ സാമുവൽ കമലേശൻ ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും കയറാൻ വിസമ്മതിച്ചിരുന്നതിനെ തുടർന്നാണ് സൈന്യത്തിൽ നിന്നും അച്ചടക്ക നടപടി നേരിട്ട് പിരിച്ചുവിടപ്പെട്ടത്.
2017-ൽ കമ്മീഷൻ ചെയ്യപ്പെടുകയും ഒരു സിഖ് സ്ക്വാഡ്രണിൽ നിയമിക്കപ്പെടുകയും ചെയ്ത സൈനികനാണ് സാമുവൽ കമലേശൻ. നിർബന്ധിത പരേഡുകളുടെ സമയത്ത് റെജിമെന്റിന്റെ ഹിന്ദു ക്ഷേത്രത്തിന്റെയും ഗുരുദ്വാരയുടെയും ഉൾഭാഗത്തേക്ക് പ്രവേശിക്കാൻ വിസമ്മതിച്ചതിനാണ് ഇയാൾക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചിരുന്നത്. സാമുവൽ കമലേശന്റെ പ്രവൃത്തികൾ ‘സൈനികരെ അപമാനിക്കുന്നതാണ്’ എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. റെജിമെന്റൽ മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സാമുവൽ കമലേശൻ വിസമ്മതിച്ചത് “ഒരു സൈനിക ഉദ്യോഗസ്ഥന്റെ ഏറ്റവും കടുത്ത അച്ചടക്ക ലംഘനമാണ്” എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മുതിർന്ന ഉദ്യോഗസ്ഥരുടെയും ക്രിസ്ത്യൻ പുരോഹിതരുടെയും കൗൺസിലിംഗ് ഉണ്ടായിരുന്നിട്ടും അദ്ദേഹം തന്റെ നിലപാട് മാറ്റാൻ വിസമ്മതിച്ചുവെന്ന് സൈന്യം സുപ്രീംകോടതിയിൽ അറിയിച്ചു. സാമുവൽ കമലേശന്റെ ഈ പ്രവൃത്തികൾ യൂണിറ്റ് ഐക്യത്തെയും സൈനികരുടെ മനോവീര്യത്തെയും ദുർബലപ്പെടുത്തി എന്നും സൈന്യം കോടതിയിൽ വ്യക്തമാക്കി. ഈ വിഷയത്തിൽ സാമുവൽ കമലേശൻ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. സൈന്യത്തിന്റെ അച്ചടക്കനടപടി മതസ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല, മറിച്ച് ഒരു മേലുദ്യോഗസ്ഥന്റെ നിയമപരമായ ഉത്തരവ് അനുസരിക്കാത്തതിന്റെ പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി കേസ് തള്ളിയിരുന്നത്. ഹൈക്കോടതി ഉത്തരവ് ശരിവെച്ച സുപ്രീം കോടതിയും ഹർജി തള്ളി.









Discussion about this post