ന്യൂഡൽഹി : ട്രെയിൻ യാത്രക്കാരുടെ ഭക്ഷണത്തിൽ ‘ഹലാൽ മാംസം’ വിളമ്പുന്നതിനെതിരെ റെയിൽവേ ബോർഡിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ട്രെയിനുകളിൽ ഹലാൽ മാംസം മാത്രം വിളമ്പുന്നത് മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലുള്ള വിവേചനം ആണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസിൽ വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ ലഭിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ഇന്ത്യൻ റെയിൽവേയിൽ ഹലാൽ മാംസം മാത്രം വിളമ്പുന്നത് ഭരണഘടനാ വ്യവസ്ഥകളുടെ, പ്രത്യേകിച്ച് ആർട്ടിക്കിൾ 14, 15, 19(1)(g), 21, 25 എന്നിവയുടെ ലംഘനമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. സമത്വം, വിവേചനമില്ലായ്മ, തൊഴിൽ സ്വാതന്ത്ര്യം, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം, മതസ്വാതന്ത്ര്യം എന്നിവ ഉറപ്പുനൽകുന്ന ഭരണഘടന ആർട്ടിക്കിളുകൾ ആണ് ഇവ. ഇന്ത്യയുടെ മതേതര മനോഭാവത്തിന് അനുസൃതമായി എല്ലാ മതങ്ങളിൽ നിന്നുമുള്ള ആളുകളുടെ ഭക്ഷണ തിരഞ്ഞെടുപ്പുകളെ ബഹുമാനിക്കേണ്ടതാണെന്ന് മനുഷ്യാവകാശ കമ്മീഷൻ റെയിൽവേയോട് വ്യക്തമാക്കി. റെയിൽവേ ബോർഡ് ചെയർമാന് അയച്ചിരിക്കുന്ന നോട്ടീസിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ട്രെയിനുകളിലെ ഭക്ഷണത്തിൽ ഹലാൽ മാംസം മാത്രം വിളമ്പുന്ന രീതി ഹിന്ദുക്കളുടെയും സിഖുകാരുടെയും പട്ടികജാതി വിഭാഗങ്ങളുടെയും മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നത്. മാംസ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന മുസ്ലിം ഇതര വിഭാഗത്തെ റെയിൽവേയുടെ ഈ നടപടി ബാധിക്കുന്നുണ്ട് എന്നും പരാതിക്കാരൻ വ്യക്തമാക്കി. ഹലാലിന്റെ പേരിലുള്ള ഈ ഒഴിവാക്കൽ അവരുടെ ഉപജീവനമാർഗ്ഗത്തെ ദോഷകരമായി ബാധിക്കുമെന്നും യാത്രക്കാർക്ക് അവരുടെ മതവിശ്വാസങ്ങളുമായി പൊരുത്തപ്പെടുന്ന ഭക്ഷണ ഓപ്ഷനുകൾ നിഷേധിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.











Discussion about this post