മെസേജിംഗ് ആപ്പുകളുടെ ഉപയോഗത്തിൽ പുതിയ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. അക്കൗണ്ടുകൾ ഉപയോഗിക്കാൻ ആപ്പ് ഇൻസ്റ്റാൾ ചെയ്‌ത ഫോണിൽ തന്നെ രജിസ്റ്റർ ചെയ്‌ത സിം കാർഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. വാട്ട്‌സാപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്‌നാപ്ചാറ്റ്, ഷെയർചാറ്റ്, ജിയോചാറ്റ്, അരട്ടായി, ജോഷ് തുടങ്ങിയ ജനപ്രിയ മെസേജിംഗ് ആപ്പുകൾ ഉപയോഗിക്കുന്നതിന് ഈ നിർദ്ദേശം ബാധകമാകും. മെറ്റയ്ക്കും ടെലിഗ്രാമിനുമടക്കം ഈ നിർദേശം കേന്ദ്ര ടെലികോം മന്ത്രാലയം നൽകി.
ഇതോടെ, ആപ്പുകള്‍ രജിസ്റ്റര്‍ ചെയ്‌ത സിം കാര്‍ഡില്ലാത്ത ഫോണില്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ ഇനി മുതല്‍ പ്രവര്‍ത്തിക്കില്ല.വെബ് ബ്രൗസർ വഴി ലോഗിൻ ചെയ്യുന്ന ഉപയോക്താക്കളെ ഓരോ ആറ് മണിക്കൂറിലും പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ടെന്നും ഡിഒടി നിർദേശിക്കുന്നു. കൂടാതെ ഒരു QR കോഡ് വഴി വീണ്ടും ഓതന്റിക്കേഷൻ നടത്തേണ്ടതുണ്ട്.
സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രം പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.ആപ്ലിക്കേഷനുകൾ നിർദേശം 90 ദിവസത്തിനകം നടപ്പാക്കണം. 120 ദിവസത്തിനകം മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുകയും വേണം.
120 ദിവസങ്ങള്‍ക്കുള്ളില്‍ അവ നടപ്പിലാക്കിയതായി ടെലികോം ആപ്പുകള്‍ ടെലികോം മന്ത്രാലയത്തെ രേഖാമൂലം അറിയിക്കണം. മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‌ച വരുത്തുന്ന കമ്പനികള്‍ക്ക് 2023-ലെ ടെലികമ്മ്യൂണിക്കേഷന്‍ ആക്‌ട്, ടെലികോം സൈബര്‍ സുരക്ഷാ നിയമങ്ങള്‍, മറ്റ് ബാധകമായ നിയമങ്ങള്‍ എന്നിവ അനുസരിച്ചുള്ള നടപടികള്‍ നേരിടേണ്ടിവരും.









