2030 ഓടെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്നു നഗരങ്ങളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്ന് ബിജെപി. തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തിറക്കുകയായിരുന്നു ബിജെപി. നമുക്ക് വേണം വികസിത തിരുവനന്തപുരം’, ‘മാറാത്തത് ഇനി മാറും’ എന്നതാണ് എന്‍ഡിഎ ഉയര്‍ത്തുന്ന മുദ്രാവാക്യം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
അധികാരത്തില്‍ കയറി 45 ദിവസത്തിനകം തിരുവനന്തപുരം നഗരത്തിന്റെ സമഗ്രവികസനത്തിനായി തയ്യാറാക്കുന്ന രൂപരേഖ പ്രസിദ്ധീകരിക്കുമെന്നും വാഗ്ദാനമുണ്ട്. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് എത്തുമെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു.
ബിജെപി അധികാരത്തിൽ വന്നാൽ തിരുവനന്തപുരം നഗരത്തെ സാധ്യതകളുടെ ഹബ്ബ് ആക്കി മാറ്റും. വിഴിഞ്ഞം തുറമുഖത്തെ ഗേറ്റ് വേ തുറമുഖമാക്കി മാറ്റും.ഡിജിറ്റല്‍ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അഴിമതിരഹിത ഭരണം ഉറപ്പാക്കും, ഓഫീസുകള്‍ കയറിയിറങ്ങാതെ ഭരണം വീട്ടുപടിക്കല്‍ എത്തിക്കും, എല്ലാ വര്‍ഷവും വികസന പ്രോഗ്രസ് കാര്‍ഡ്, വെള്ളക്കെട്ട് ഒഴിവാക്കാന്‍ സൂറത്ത് മാതൃകയില്‍ പദ്ധതികള്‍, കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ കോര്‍പ്പറേഷനില്‍ വീടില്ലാത്ത എല്ലാവര്‍ക്കും അഞ്ചുവര്‍ഷം കൊണ്ട് വീട്, ജനങ്ങളും കോര്‍പ്പറേഷനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ 100 ശതമാനം ഓണ്‍ലൈനാക്കും, ഗംഗ ശുദ്ധീകരണ മിഷന്‍ മാതൃകയില്‍ ആമയിഴഞ്ഞാൻ, പാര്‍വതി പുത്തനാര്‍ പോലുള്ള ജലാശയങ്ങള്‍ ശുദ്ധീകരിച്ച് സംരക്ഷിക്കും, മാലിന്യപ്രശ്‌നം പരിഹരിക്കും, പദ്മനാഭസ്വാമി ക്ഷേത്രം, ബീമാപള്ളി, വെട്ടുകാട്, ആറ്റുകാല്‍ ക്ഷേത്രം എന്നിവ കേന്ദ്രീകരിച്ച് തീര്‍ത്ഥാടന ടൂറിസം പദ്ധതി എന്നിവയും എന്‍ഡിഎയുടെ വാഗ്ദാനങ്ങളിൽ പെടും.











