ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് പിന്നാലെ അദ്ദേഹത്തെ കാണണമെന്ന് ആവശ്യപ്പെട്ട് അനുയായികൾ തെരുവിലിറങ്ങി. ഇമ്രാൻ ഖാനെ പാർപ്പിച്ചിരുന്ന റാവൽപിണ്ടിയിലെ അഡിയാല ജയിലിന് മുൻപിൽ ഇന്ന് അദ്ദേഹത്തിന്റെ അനുയായികൾ വമ്പൻ പ്രതിഷേധ പ്രകടനത്തിന് തയ്യാറെടുത്തിരുന്നു. എന്നാൽ ഈ സാഹചര്യത്തെ നേരിടാനായി ഇപ്പോൾ റാവൽപിണ്ടിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് പാകിസ്താൻ സർക്കാർ.
ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) ആണ് കടുത്ത പ്രതിഷേധങ്ങൾ നടത്തുന്നത്. പ്രതിഷേധങ്ങൾ അക്രമാസക്തമാകാനുള്ള സാഹചര്യം പരിഗണിച്ച് ഡിസംബർ 1 മുതൽ 3 വരെ മൂന്ന് ദിവസത്തേക്ക് റാവൽപിണ്ടിയിൽ സെക്ഷൻ 144 പ്രഖ്യാപിച്ചതായി ഭരണകൂടം അറിയിച്ചു. ഇമ്രാൻ ഖാന്റെ സഹോദരിമാരും അനുയായികളും അഡിയാല ജയിലിന് പുറത്ത് പ്രകടനം നടത്തുമെന്ന് അറിയിച്ചിട്ടുള്ളതിനാൽ ജയിലിനു ചുറ്റും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
അതേസമയം ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് പി.ടി.ഐ എംപിമാർ വൻ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. പ്രതിഷേധ പ്രകടനങ്ങൾ നടക്കാനിരിക്കെ, പാകിസ്ഥാൻ സർക്കാർ സുരക്ഷാ ഏജൻസികൾക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഇമ്രാൻ ഖാന്റെ നിലവിലെ വിവരങ്ങൾ തങ്ങൾക്ക് ലഭ്യമാക്കിയില്ലെങ്കിൽ പാകിസ്താനിലുടനീളം വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രിയും പി.ടി.ഐ നേതാവുമായ സൊഹൈൽ അഫ്രീദി പാകിസ്താൻ സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.









Discussion about this post