ലോകത്തിന് മുന്നിൽ നാണം കെട്ട് പാകിസ്താൻ. ദിത്വ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതത്തിലായ ശ്രീലങ്കയെ സഹായിക്കാൻ ഇറങ്ങിയാണ് പാകിസ്താൻ നാണം കെട്ടിയത്. ശ്രീലങ്കയ്ക്ക് നൽകിയ മാനുഷിക സഹായം കബളിപ്പിക്കലായിരുന്നുവെന്നാണ് രാജ്യം തന്നെ പറയുന്നത്. ശ്രീലങ്കയ്‌ക്കൊപ്പം എന്നും പാകിസ്താൻ എന്ന അവകാശവാദത്തോടെ രാജ്യത്ത് എത്തിച്ച ദുരിതാശ്വാസ കിറ്റിലെ സാധനങ്ങളെല്ലാം കാലാവധി കഴിഞ്ഞവയാണെന്നാണ് വിവരം. ഇത് സഹായമല്ലെന്നും അപമാനിക്കലാണെന്നും വ്യക്തമാക്കി ശ്രീലങ്ക ഔദ്യോഗികമായി തന്നെ പാകിസ്താനെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്.
മരുന്നുകൾ, ഭക്ഷണ പായ്ക്കറ്റുകൾ, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവയാണ് പാകിസ്താൻ ശ്രീലങ്കയിലേക്ക് അയച്ചത്. ഇവ പരിശോധിച്ച ശ്രീലങ്കൻ അധികൃതർ ‘ഗൗരവമായ പ്രശ്‌നമുണ്ടെന്ന്’ ദുരിതാശ്വാസ വകുപ്പിനെയും വിദേശകാര്യ വകുപ്പിനെയും അറിയിച്ചു. തുടർന്നാണ് ശ്രീലങ്ക പ്രതിഷേധം അറിയിച്ചത്. അനിഷ്ടം പ്രകടമാക്കിയ ശ്രീലങ്ക, പാകിസ്താന്റെ ആത്മാർഥതയെയും സഹായങ്ങളെയും അവിശ്വസിക്കേണ്ട സാഹചര്യമാണുള്ളതെന്നും വ്യക്തമാക്കി.
കടുത്ത പ്രകൃതിദുരന്തത്തിലൂടെ കടന്നുപോകുമ്പോഴുള്ള ഇത്തരം സംഭവങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ദുരിതാശ്വാസ സഹായമായി എത്തിക്കുന്ന വസ്തുക്കളെല്ലാം കർശന പരിശോധനയ്ക്ക് വിധേയമാക്കേണ്ട അവസ്ഥയാണ് പാകിസ്താൻ സൃഷ്ടിച്ചതെന്നും ശ്രീലങ്ക വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇന്ത്യക്കെതിരായ പാകിസ്താന്റെ വ്യാജ പ്രചരണങ്ങൾ തള്ളിയിരിക്കുകയാണ് വിദേശകാര്യമന്ത്രാലയം. ശ്രീലങ്കയിലേക്കുള്ള അവശ്യവസ്തുക്കളുമായി പോയ പാകിസ്താൻ വിമാനത്തിന് വ്യോമപാത തുറന്നുനൽകുന്നതിന് ഇന്ത്യ കാലതാമസം വരുത്തിയെന്ന ആരോപണമാണ് ഇന്ത്യ പാടെ തള്ളിയത്. പാകിസ്താൻ ആവശ്യപ്പെട്ട ഓവർഫ്ലൈറ്റ് ക്ലിയറൻസ് (വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി) നൽകുന്നതിൽ കാലതാമസം വരുത്തിയെന്ന പാകിസ്താന്റെ അവകാശവാദത്തെ അസംബന്ധം എന്ന് ഇന്ത്യ വിമർശിച്ചു.










Discussion about this post