ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസിലെ പ്രതിസന്ധി തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 200 ലേറെ വിമാന സർവീസുകൾ ആണ് ഇൻഡിഗോ റദ്ദാക്കിയത്. രാജ്യവ്യാപകമായി വിമാന സർവീസുകളിൽ കാലതാമസങ്ങൾ ഉണ്ടായതും വിമാനങ്ങൾ റദ്ദാക്കിയതും എയർലൈന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഡൽഹി, ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ ആണ് ഇൻഡിഗോ എയർലൈൻസിന്റെ വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കപ്പെട്ടത്.
ചൊവ്വാഴ്ച 35 ശതമാനം മാത്രമായിരുന്നു ഇൻഡിഗോ എയർലൈൻസ് കൃത്യമായ സർവീസ് നടത്തിയത്.
സ്ഥിതിഗതികൾ പരിശോധിച്ചുവരികയാണെന്നും തകരാറിന്റെ കാരണങ്ങൾ വിശദീകരിക്കുന്ന വിശദമായ റിപ്പോർട്ട് എയർലൈനിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. സാങ്കേതിക തകരാറുകൾ, മോശം കാലാവസ്ഥ, കനത്ത തിരക്ക്, നവംബറിൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധികൾ എന്നിവ ഇൻഡിഗോ എയർലൈൻസ് നെറ്റ്‌വർക്ക് സാരമായി ബാധിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എയർബസ് എ320 വിമാനത്തിനായുള്ള അടിയന്തര സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് കൂടുതൽ തടസ്സങ്ങൾക്ക് കാരണമായതോടെ ആണ് കാര്യങ്ങൾ കൂടുതൽ വഷളായത്. പുതിയ FDTL മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നതിനുശേഷം പൈലറ്റുമാരുടെ കുറവ് എയർലൈനിനെ വളരെയധികം ബാധിച്ചു. പൈലറ്റുമാരുടെ ക്ഷീണം കുറയ്ക്കുന്നതിനും വിമാന ജീവനക്കാർക്ക് വിശ്രമം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ നിയമങ്ങൾ ലക്ഷ്യമിടുന്നത്. ഈ പുതിയ നിയമപ്രകാരം പൈലറ്റുമാരുടെ വിശ്രമസമയം ആഴ്ചയിൽ 48 മണിക്കൂർ ആയി ഉയർത്തിയിട്ടുണ്ട്. കൂടാതെ ഓരോ പൈലറ്റിനും രണ്ട് രാത്രി ലാൻഡിംഗ് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തത് ജീവനക്കാരുടെ ക്ഷാമത്തിനും കാരണമായിട്ടുണ്ട്.









Discussion about this post