ഭൂരിഭാഗം മുസ്ലീങ്ങളും അംഗീകരിക്കാത്തവരാണ് ജമാഅത്തെ ഇസ്ലാമിയെന്നും നാല് വോട്ടിന് വേണ്ടി അവരുമായി യുഡിഎഫ് സഖ്യമുണ്ടാക്കുകയാണെന്നും കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.നാല് വോട്ടിന് വേണ്ടി നാടിന്റെ സമാധാനവും മതനിരക്ഷേപ പാരമ്പര്യവും യുഡിഎഫ് പണയംവയ്ക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കോണ്‍ഗ്രസ് അവരുമായി സഖ്യത്തിന് തയ്യാറായെന്നും മുസ്‌ലിം ലീഗ് അതിന് കുടപിടിച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി മറ്റ് വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പോലെയല്ല പ്രവര്‍ത്തിക്കുന്നത്. അവരുമായി കൂട്ടുപിടിക്കുക എന്നത് ആത്മഹത്യാപരമായ നിലപാടാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം. യുഡിഎഫിന് വോട്ട് ചെയ്യുന്ന മുസ്‌ലിങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവയ്ക്കുന്ന നയവും രാഷ്ട്രീയവും ഉള്‍ക്കൊളളാന്‍ കഴിയില്ല. എന്നിട്ടും നാല് വോട്ട് കിട്ടുമെങ്കില്‍ അതിന് വേണ്ടി ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുചേരുകയാണ് കോൺഗ്രസെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജമാഅത്തെ ഇസ്ലാമി കേരളത്തിന്റെ മതേതരത്വത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന് പറയാന്‍ സാധിക്കില്ല. ഈ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായി പരസ്യമായി സഖ്യത്തിന് തയ്യാറായിരിക്കുകയാണ് യുഡിഎഫും കോണ്‍ഗ്രസും. കേരളത്തിലെ മുസ്‌ലിം ജനങ്ങളില്‍ പ്രധാനപ്പെട്ട വിഭാഗങ്ങള്‍ സുന്നി, മുജാഹിദ് ആണ്. അത് കഴിഞ്ഞാല്‍ നാമമാത്രമായവരാണ് ബാക്കിയുളളത്. ഇവര് അംഗീകരിക്കാത്ത കൂട്ടരാണ് ജമാഅത്തെ ഇസ്ലാമി.
ജമാഅത്തെ ഇസ്ലാമിപോലുളളവര്‍ ഇസ്ലാം വിശ്വാസികളുമായി ഒരു ബന്ധവുമില്ലാത്തവരാണ്. ഇന്ത്യന്‍ ഭരണഘടനയും മതനിരപേക്ഷതയും ബഹുസ്വരതയും അംഗീകരിക്കുന്ന മുസ്ലീങ്ങള്‍ ഇസ്ലാമിന് പുറത്താണ് എന്നാണ് മൗദൂദി നേരത്തെ പറഞ്ഞത്. മതഭരണകൂടം സ്ഥാപിക്കണമെന്നും അതിനായി രക്തസാക്ഷിയാവണം എന്നുമാണ് മൗദൂദി പറഞ്ഞത്. മൗദൂദിയന്‍ ആശയങ്ങള്‍ ഇസ്ലാമിക വിരുദ്ധമാണ് എന്ന് പറഞ്ഞത് ഇസ്ലാം മതപണ്ഡിതന്മാര്‍ തന്നെയാണ്. അവര്‍ ഉറച്ച സ്വരത്തിലാണ് ഇസ്ലാമിക വിരുദ്ധമാണെന്ന് വ്യക്തമാക്കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.













Discussion about this post