ന്യൂഡൽഹി : ആരോഗ്യ സുരക്ഷ ദേശീയ സുരക്ഷാ സെസ് ബിൽ ലോക്‌സഭ പാസാക്കി. പാൻ മസാലക്കും ഉൽപാദന യൂണിറ്റുകൾക്കും 40 ശതമാനം ജിഎസ്ടിക്ക് പുറമെ സെസും ഏർപ്പെടുത്തുന്നതാണ് ബിൽ. ‘ആരോഗ്യ സുരക്ഷ ദേശീയ സുരക്ഷാ സെസ് ബിൽ, 2025’ സംബന്ധിച്ച ചർച്ചയ്ക്ക് ലോക്സഭയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ മറുപടി നൽകി.
ചർച്ചയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്ന വിവിധ ഭേദഗതികൾ നിരസിക്കപ്പെട്ടു. തുടർന്ന് ലോക്സഭ ശബ്ദവോട്ടിലൂടെ ബിൽ അംഗീകരിച്ചു. പാൻ മസാല പോലുള്ള ഉൽപ്പന്നങ്ങളുടെയും കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്ന മറ്റ് ഉൽപ്പന്നങ്ങളുടെയും ഉൽപാദനത്തിന് സെസ് ഏർപ്പെടുത്തുന്നതിലൂടെ ആരോഗ്യത്തിനും ദേശീയ സുരക്ഷയ്ക്കുമുള്ള ധനസഹായം വർദ്ധിപ്പിക്കുക എന്നതാണ് ഈ ബിൽ ലക്ഷ്യമിടുന്നത്. സെസിൽ നിന്നുള്ള വരുമാനം പൊതുജനാരോഗ്യത്തിനും ദേശീയ സുരക്ഷയ്ക്കുമുള്ള ചെലവുകൾക്കായി ഉപയോഗിക്കുമെന്നും ധനമന്ത്രി ലോക്സഭയിൽ അറിയിച്ചു.
“ഡിമെറിറ്റ് വസ്തുക്കളുടെ ഉപയോഗം തടയുക എന്നതാണ് സർക്കാർ ആഗ്രഹിക്കുന്നത്. പൊതുജനാരോഗ്യത്തിനും പ്രതിരോധ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ഈ സെസ് ചെലവഴിക്കും. പൊതുജനാരോഗ്യം രാജ്യത്തിന്റെയാകെ വിഷയമാണ്. പ്രതിരോധം കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണ്,” എന്നും
ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടിയായി ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.










Discussion about this post