ന്യൂഡൽഹി : റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിനായി കഴിഞ്ഞദിവസം രാഷ്ട്രപതി നൽകിയ അത്താഴ വിരുന്നിലേക്ക് കോൺഗ്രസ് എംപി ശശി തരൂരിന് ക്ഷണം ലഭിച്ചതിനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസിൽ നിന്നും ഉയരുന്നത്. പവൻ ഖേരയും ജയറാം രമേശും ഉൾപ്പെടെയുള്ള നേതാക്കൾ ശശി തരൂരിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെക്കും ക്ഷണമില്ലാത്ത വിരുന്നിൽ ശശി തരൂർ പങ്കെടുത്തത് മോശമായി എന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.
കേന്ദ്രസർക്കാർ കളിക്കുന്ന കളി കോൺഗ്രസ് അംഗങ്ങൾ മനസ്സിലാക്കണമെന്നും അതിന്റെ ഭാഗമാകരുതെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. ജനാധിപത്യ പാരമ്പര്യങ്ങൾക്കും വ്യവസ്ഥയ്ക്കും അനുസൃതമല്ല ഈ നീക്കമെന്ന് ആരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദും വിമർശനമുന്നയിച്ചു.
എന്നാൽ റഷ്യൻ പ്രസിഡന്റിന്റെ അത്താഴ വിരുന്നിലേക്ക് തന്നെ ക്ഷണിച്ചത് കോൺഗ്രസ് നേതാവ് എന്ന നിലയിൽ അല്ല എന്ന് ശശി തരൂർ വ്യക്തമാക്കി. വിദേശകാര്യ സമിതി ചെയർമാൻ എന്ന നിലയിലാണ് പുടിന്റെ അത്താഴ വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടത് എന്നും ആ കാരണത്താലാണ് പങ്കെടുത്തത് എന്നും ശശി തരൂർ അറിയിച്ചു. വിദേശകാര്യ സമിതി ചെയർമാൻമാരെ വിദേശ പ്രതിനിധി സംഘങ്ങളുടെ അത്താഴവിരുന്നുകളിലേക്ക് ക്ഷണിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം അറിയിച്ചു.











Discussion about this post