ഒരു കൂട്ടം ആളുകളുടെ ജീവിതത്തിലേക്ക് ഒരു നാനോ കാറും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് നീരജ് മാധവനെ നായകനാക്കി നവാഗതനായ ആനന്ദ് മേനോൻ ഒരുക്കിയ ‘ഗൗതമന്റെ രഥം’. വണ്ടികളോട് അപാര ഭ്രാന്തുള്ള നീരജ് മാധവിന്റെ ഗൗതം എന്ന കഥാപാത്രം ലൈസൻസ് കിട്ടി കഴിഞ്ഞ് സ്വപ്നം കാണുന്നതൊക്കെ പ്രീമിയം വണ്ടികൾ ആണെങ്കിലും അദ്ദേഹത്തിന് കിട്ടിയത് ടാറ്റ നാനോ കാറാണ്. ഇതിന് ശേഷം അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.
സിനിമയിൽ ഗൗതം തന്റെ കാമുകിയുടെ അച്ഛനോട് സംസാരിക്കുന്ന രംഗമുണ്ട്. കോടീശ്വരനായ അദ്ദേഹം ഗൗതത്തെ കളിയാക്കാൻ നാനോ കാറിനെ ഉപയോഗിക്കുന്നുണ്ട്. ഏറ്റവും ദാരിദ്ര്യം പിടിച്ചവർ മാത്രം വാങ്ങുന്ന ഈ കാർ മാത്രം കൈയിൽ ഉള്ള ഗൗതത്തിനെ വിലപിടിപ്പുള്ള( ജാഗ്വർ) കാറൊക്കെ ഉള്ള തന്റെ മകൾക്ക് കെട്ടിച്ചുകൊടുക്കില്ല എന്ന് അയാൾ പറയുന്നുണ്ട്. എന്നാൽ സിനിമയുടെ ക്ലൈമാക്സ് രംഗത്ത് നായികയെ വീട്ടിൽ നിന്ന് ഇറക്കി ഇതേ ജാഗ്വർ മുന്നിൽ കിടക്കുമ്പോൾ, തന്നെ ടാറ്റ നാനോയിൽ കൊണ്ടുപോകുന്ന നായകനെ കാണാൻ സാധിക്കും.
എന്നാൽ ആനന്ദ് മേനോൻ ഈ നാനോ- ജാഗ്വർ കളിയാക്കൽ സംഭവം വെറുതെ അങ്ങോട്ട് ഉപയോഗിച്ചതല്ല. യഥാർത്ഥത്തിൽ ഇതുപോലെ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയായിരുന്നു അദ്ദേഹം ഈ ഭാഗം ചേർത്തത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ബിസിനസ്സുകാരിൽ ഒരാളായ രത്തൻ ടാറ്റയാണ് ഈ പ്രതികാര കഥയിലെ നായകൻ. വില്ലന്മാരായത് ഫോർഡ് കമ്പനിയും.
എല്ലാത്തിനും തുടക്കമായത്, രത്തൻ “ടാറ്റ ഇൻഡിക്ക” എന്ന പേരിൽ ഇന്ത്യയിൽ ഒരു പുതിയ കാർ പുറത്തിറക്കിയതോടെയാണ്. പക്ഷേ തുടക്കത്തിൽ ഈ കാർ അധികമായി വിട്ടുപോയില്ല. ഇതോടെ തന്റെ പുതിയ കാർ, ബിസിനസ്സ് ഫോർഡ് മോട്ടോർ കമ്പനിക്ക് വിൽക്കാൻ അദ്ദേഹം തീരുമാനിച്ചു.
ഫോർഡിന്റെ ഉന്നത എക്സിക്യൂട്ടീവുകളെ കാണാൻ രത്തൻ ടാറ്റ പോയി. എന്നാൽ ഫോർഡ് എക്സിക്യൂട്ടീവുകൾ വളരെ പരുഷമായി പെരുമാറി. കാറുകൾ നിർമ്മിക്കുന്നതിനെക്കുറിച്ച് ടാറ്റയ്ക്ക് ഒന്നും അറിയില്ലെന്നും പരാജയപ്പെട്ട ബിസിനസ് വാങ്ങുന്നത് കൊണ്ട് ഉപകാരമില്ല എന്നും പറഞ്ഞ് കളിയാക്കി. രത്തൻ ടാറ്റയാകട്ടെ വളരെ അസ്വസ്ഥനായി. അദ്ദേഹം മീറ്റിംഗിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോയി, തന്റെ കമ്പനി ഒരിക്കലും അവർക്ക് വിൽക്കില്ലെന്ന് തീരുമാനിച്ചു.
എന്തായാലും അടുത്ത കുറച്ച് വർഷങ്ങളിൽ, രത്തൻ ടാറ്റ തന്റെ കാർ കമ്പനി മെച്ചപ്പെടുത്താൻ കഠിനമായി പരിശ്രമിച്ചു, അത് വിജയിച്ചു. ഇൻഡിക്ക കാറിന് വമ്പൻ ഡിമാന്റുമായി. അതേസമയം, 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ ഫോർഡ് മോട്ടോർ കമ്പനിയാകെ തകർന്നു. അവർക്ക് പണം നഷ്ടപ്പെടുകയും അവരുടെ വിലയേറിയ ആഡംബര ബ്രാൻഡുകളായ ജാഗ്വാർ, ലാൻഡ് റോവർ (ജെഎൽആർ) എന്നിവ വിൽക്കേണ്ടി വരികയും ചെയ്തു.
രത്തൻ ടാറ്റയാകട്ടെ ഇതിനെ ഒരു അവസരമായി കണ്ടു. ഫോർഡിൽ നിന്ന് ജാഗ്വാർ ബ്രാൻഡ് വാങ്ങാൻ തനിക്ക് താത്പര്യം ഉണ്ടെന്ന് അദ്ദേഹം അവരെ അറിയിച്ചു. പണത്തിന് ആവശ്യമുണ്ടായിരുന്ന ഫോർഡ്, ടാറ്റയുടെ ഓഫർ സ്വീകരിച്ചു. രത്തൻ ടാറ്റ 2.3 ബില്യൺ ഡോളറിന് ജാഗ്വാറിനെയും ലാൻഡ് റോവറിനെയും വാങ്ങി.













Discussion about this post