മുസ്ലീം സ്‌ത്രീകള്‍ക്കും പള്ളിപ്രവേശനം അനുവദനീയമാണെന്നും, ഇല്ലെന്ന തരത്തില്‍ ചില ആളുകള്‍ ഉണ്ടാക്കിയെടുത്തതാണെന്നുമുള്ള മകളുടെ നിലപാട് പരസ്യമായി തള്ളി മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. ഫാത്തിമ നര്‍ഗീസിൻ്റെ വാക്കുകൾ അറിവില്ലായ്മ മൂലമാണെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ പറയുന്നു.
മുസ്ലീം സ്‌ത്രീകള്‍ക്കും പള്ളിപ്രവേശനം അനുവദനീയമാണെന്നും, ഇല്ലെന്ന തരത്തില്‍ ചില ആളുകള്‍ ഉണ്ടാക്കിയെടുത്തതാണെന്നുമുള്ള മകള്‍ ഫാത്തിമ നര്‍ഗീസിൻ്റെ വാക്കുകൾ. ഇതിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നതായും, ഹജ്ജ് കർമങ്ങള്‍ക്കായി സ്‌ത്രീകളും പുരുഷന്മാരും പങ്കെടുക്കുന്നുണ്ടെന്നും ഒരുമിച്ചാണ് ഇത്തരം കര്‍മങ്ങള്‍ക്ക് പോകുന്നതെന്നും ഫാത്തിമ ചൂണ്ടിക്കാട്ടിയിരുന്നു. മുസ്ലീം സ്‌ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം അനുവദനീയമല്ലെന്നും 16 വയസുള്ള കുട്ടിയുടെ പക്വതയില്ലായ്‌മ കൊണ്ടാണ് അത്തരമൊരു പ്രതികരണം ഉണ്ടായതെന്നും മുനവ്വറലി തങ്ങള്‍ വ്യക്തമാക്കി.
കുറിപ്പിൻ്റെ പൂർണരൂപം.
ഒരു പരിപാടിക്കിടെ ഒരു ചോദ്യത്തിന് 16 വയസുള്ള വിദ്യാർഥിനിയായ എൻ്റെ മകൾ ഫാത്തിമ നർഗീസ് നൽകിയ മറുപടിയെപ്പറ്റി ആവശ്യമായ വ്യക്തത വരുത്തുന്നതിനായാണ് ഈ കുറിപ്പ് എഴുതുന്നത്. അപ്രതീക്ഷിതമായി ഒരു ചോദ്യം നേരിടേണ്ടി വന്ന സാഹചര്യത്തിൽ മകൾ നൽകിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്‌ലീം വിശ്വാസ രീതികളുമായോ പണ്ഡിത സമൂഹത്തിൻ്റെ തീർപ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യം ഉത്തമ ബോധ്യമുണ്ട്. കർമ്മ ശാസ്ത്രവുമായി ബന്ധപ്പെട്ട പണ്ഡിതോചിതമായ ആഴത്തിലുള്ള അറിവ് ആവശ്യമായ ഒരു വിഷയത്തെക്കുറിച്ചുള്ള ചോദ്യമാണിത്.
ആ മറുപടി ആ വിഷയത്തിൽ ആവശ്യമായ ബോധ്യങ്ങളോ പഠനത്തിൻ്റെ പര്യാപ്‌തതയോ കൈവരിക്കാത്ത ഒരു കുട്ടിയുടെ ആലോചനാപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം കാണണമെന്നതാണ് അഭ്യർഥന. കേരളത്തിലെ പരമ്പരാഗത മുസ്‌ലിം പണ്ഡിത സമൂഹം അവരുടെ ആഴത്തിലുള്ള ജ്ഞാനത്തെ ആധാരമാക്കി വ്യക്തമായി നിർവചിച്ചിട്ടുള്ള ഒരു വിഷയത്തിൽ ഒരു പിതാവെന്ന നിലയിൽ മുഴുവൻ ഉത്തരവാദിത്വബോധത്തോടെയും മകളുടെ ആ മറുപടി ഞാൻ ഇവിടെ തിരുത്തി വ്യക്തമാക്കുന്നു.









Discussion about this post