ഇടുക്കി : സർക്കാരിന്റെ ക്ഷേമ പെൻഷൻ വാങ്ങിയവർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നിലപാട് തിരുത്തി സിപിഎം നേതാവ് എം എം മണി. മണിയുടെ പരാമർശം തെറ്റാണെന്ന് പാർട്ടി പറഞ്ഞതിന് പിന്നാലെയാണ് ഈ നിലപാട് മാറ്റം. തെറ്റുപറ്റിപ്പോയെന്നും ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണെന്നും എംഎം മണി വിശദീകരിച്ചു.
പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും എംഎം മണി വ്യക്തമാക്കി. എൽഡിഎഫിന് കനത്ത തിരിച്ചടി ഉണ്ടായ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ആയിരുന്നു എംഎം മണിയുടെ അധിക്ഷേപ പരാമർശം. വോട്ടര്‍മാരെ അധിക്ഷേപിച്ച് മണി നടത്തിയ പരാമര്‍ശം വൻ വിവാദമായിരുന്നു. മണിയുടെ നിലപാടിനെ പാർട്ടി തള്ളിയതോടെ ആണ്, തെറ്റുപറ്റിപ്പോയെന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നതായും മണി വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം കേരളത്തിലെ ജനങ്ങൾ നൽകിയ വിധിയോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ലെന്ന് നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളത് എന്നും എംഎം മണി അഭിപ്രായപ്പെട്ടു. വിമർശനങ്ങളെ താൻ അംഗീകരിക്കുന്നു. പ്രതികരണം ശരിയായില്ലെന്ന് പാർട്ടിയും അധ്യക്ഷനും പറഞ്ഞു. അന്നേരത്തെ ഒരു വികാരത്തിന്റെ പുറത്ത് പറഞ്ഞു പോയതാണെന്ന് കരുതിയാൽ മതി എന്നും എം എം മണി പ്രതികരിച്ചു.









Discussion about this post