ന്യൂഡൽഹി : സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ രൂപകല്പന ചെയ്ത ശിൽപി രാം വാഞ്ജി സുതാർ അന്തരിച്ചു. 100 വയസ്സ് പൂർത്തിയാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിയോഗം. നിരവധി വിഖ്യാത ശില്പങ്ങളുടെ സ്രഷ്ടാവാണ്. മഹാത്മാഗാന്ധി ധ്യാനനിരതനായി ഇരിക്കുന്ന ശില്പവും പാർലമെന്റ് സമുച്ചയത്തിലെ കുതിരപ്പുറത്തിരിക്കുന്ന ഛത്രപതി ശിവാജി മഹാരാജിന്റെ ശില്പവും ഉൾപ്പെടെയുള്ള നിരവധി കലാസൃഷ്ടികൾ രാം സുതാർ രൂപകൽപ്പന ചെയ്തതാണ്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ രൂപകൽപ്പനയിലൂടെ രാം സുതാർ അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശസ്തി നേടി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് നോയിഡയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 1925 ഫെബ്രുവരി 19 ന് ഇന്നത്തെ മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ ഗൊണ്ടൂർ ഗ്രാമത്തിൽ ആയിരുന്നു അദ്ദേഹം ജനിച്ചത്. മുംബൈയിലെ ജെജെ സ്കൂൾ ഓഫ് ആർട്ട് ആൻഡ് ആർക്കിടെക്ചറിൽ നിന്ന് സ്വർണ്ണ മെഡൽ ജേതാവാണ്.
അടുത്തിടെ ഗോവയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്ത ലോകത്തിലെ ഏറ്റവും വലിയ ശ്രീരാമ ശില്പവും രാം വാഞ്ജി സുതാർ ആയിരുന്നു രൂപകല്പന ചെയ്തത്. അദ്ദേഹത്തിന്റെ സൃഷ്ടികളോടുള്ള ആദരവായി
1999-ൽ പത്മശ്രീയും 2016-ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. മഹാരാഷ്ട്ര സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ മഹാരാഷ്ട്ര ഭൂഷൺ പുരസ്‌കാരവും അടുത്തിടെ അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു.











Discussion about this post