മസ്കറ്റ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു. കരാറിന്റെ ഭാഗമായി, തുണിത്തരങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ, തുകൽ വസ്തുക്കൾ എന്നിവയുൾപ്പെടെ ഇന്ത്യയുടെ 98 ശതമാനത്തിലധികം കയറ്റുമതിയുടെയും തീരുവ ഒമാൻ ഒഴിവാക്കും. ഈത്തപ്പഴം, മാർബിൾ, പെട്രോകെമിക്കൽസ് എന്നിവയുൾപ്പെടെയുള്ള അവശ്യ ഒമാനി ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന് ഇന്ത്യയും അറിയിച്ചു. യുഎഇയ്ക്ക് ശേഷം ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവയ്ക്കുന്ന രണ്ടാമത്തെ അറബ് രാജ്യമാണ് ഒമാൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ മസ്കറ്റിൽ വെച്ച് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫും ആണ് കരാറിൽ ഒപ്പുവച്ചത്. ഒപ്പുവച്ച കരാർ അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ പ്രാബല്യത്തിൽ വരും. സ്വതന്ത്ര വ്യാപാര കരാർ അനുസരിച്ച് ഒമാനിൽ പ്രധാന സേവന മേഖലകളിൽ ഇന്ത്യൻ കമ്പനികൾക്ക് 100% എഫ്ഡിഐ ( നേരിട്ടുള്ള വിദേശനിക്ഷേപം ) അനുവദിക്കുന്നതാണ്. മിഡിൽ ഈസ്റ്റിലേക്കും ആഫ്രിക്കയിലേക്കുമുള്ള ഇന്ത്യൻ ചരക്കുകളുടെയും സേവനങ്ങളുടെയും പ്രധാന കവാടമെന്ന നിലയിൽ ഒമാനുമായുള്ള വ്യാപാര കരാർ ഇന്ത്യയുടെ കയറ്റുമതിക്കും വ്യാപാരത്തിനും വലിയ മാറ്റമായിരിക്കും നൽകുക.
തൊഴിൽ പ്രാധാന്യമുള്ള മേഖലകളിൽ പൂർണ്ണമായ താരിഫ് ഒഴിവാക്കലിനും തീരുമാനമായിട്ടുണ്ട്. രത്നങ്ങളും ആഭരണങ്ങളും, തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ, സ്‌പോർട്‌സ് ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക്കുകൾ, ഫർണിച്ചർ, കാർഷിക ഉൽപ്പന്നങ്ങൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ഓട്ടോമൊബൈലുകൾ എന്നിവയുൾപ്പെടെ എല്ലാ പ്രധാന തൊഴിൽ മേഖലകൾക്കും പൂർണ്ണ താരിഫ് ഒഴിവാക്കൽ ലഭിക്കും.













Discussion about this post