ന്യൂഡൽഹി : എംജിഎൻആർഇജിഎയ്ക്ക് പകരം പുതിയ ഗ്രാമീണ തൊഴിൽ നിയമം കൊണ്ടുവരുന്ന വിബി-ജി റാം ജി ബിൽ,2025 ന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. ഇതോടെ ബിൽ നിയമമായി മാറി. രാജ്യത്തെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കൂടുതൽ വിപുലീകരിക്കുന്നതാണ് കേന്ദ്രസർക്കാർ കൊണ്ടുവന്ന
വീക്ഷിത് ഭാരത് – റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (വിബി-ജി റാം ജി) ബിൽ. പുതിയ നിയമപ്രകാരം തൊഴിലുറപ്പ് ദിനങ്ങൾ 100ൽ നിന്നും 125 ആയി ഉയരും. ഫണ്ടിംഗ് കേന്ദ്രസർക്കാർ 60 ശതമാനവും സംസ്ഥാന സർക്കാരുകൾ 40 ശതമാനവും ആയും മാറും.
നേരത്തെ തൊഴിലുറപ്പ് വേതനത്തിന്റെ 90% കേന്ദ്രസർക്കാരും 10% സംസ്ഥാന സർക്കാരും ആയിരുന്നു നൽകിവന്നിരുന്നത്. പുതിയ നിയമം അനുസരിച്ച് സംസ്ഥാന സർക്കാരിന്റെ വിഹിതം 40% ആക്കി മാറ്റിയതോടെ ഇത് സംസ്ഥാനങ്ങൾക്ക് അധികഭാരം ആകും എന്നാണ് പരാതി ഉയരുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ മുഴുവൻ ചിലവും കേന്ദ്രസർക്കാർ തന്നെയായിരിക്കും വഹിക്കുക. ജലസുരക്ഷ, പ്രധാന ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, തീവ്ര കാലാവസ്ഥാ സംഭവങ്ങൾ ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള തൊഴിലാണ് പുതിയ നിയമം അനുശാസിക്കുന്നത്.
2005-ലാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (NREGA) പാർലമെന്റ് പാസാക്കിയിരുന്നത്. 2009-ൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുപിഎ സർക്കാർ പദ്ധതിയെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA) എന്ന് പുനർനാമകരണം ചെയ്തു. വർഷത്തിൽ കുറഞ്ഞത് 100 ദിവസത്തെ ഗ്യാരണ്ടീഡ് വേതന തൊഴിൽ ആയിരുന്നു ഈ പദ്ധതി നേരത്തെ നൽകിയിരുന്നത്.












Discussion about this post