ഇസ്ലാമാബാദ് : തോഷഖാന 2 കേസിൽ മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും ശനിയാഴ്ച പാക് കോടതി 17 വർഷം വീതം തടവ് ശിക്ഷ വിധിച്ചിരുന്നു. കോടതിയുടെ ഈ വിധി നിലവിലെ പാക് സർക്കാർ തന്നോട് ചെയ്യുന്ന അനീതിയുടെ ഭാഗമാണെന്ന് സൂചിപ്പിച്ചുകൊണ്ട് ഇമ്രാൻഖാൻ ജയിലിൽ നിന്നും തന്റെ അണികളോട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഇതോടെ പാകിസ്താൻ കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുകയാണ്.
പ്രതിഷേധങ്ങൾക്കുള്ള സാഹചര്യം കണക്കിലെടുത്ത് റാവൽപിണ്ടിയിൽ ഭരണകൂടം അതീവ ജാഗ്രതയിലാണ്. മേഖലയിൽ അതീവ സുരക്ഷാ വിന്യാസമാണ് പോലീസ് നടത്തിയിരിക്കുന്നത്. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ് പ്രവർത്തകരുടെ പ്രതിഷേധങ്ങൾ ഭയന്ന് ക്രമസമാധാന പാലനത്തിനായി 1,300-ലധികം പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇമ്രാൻ ഖാന്റെ അനുയായികൾ പ്രതിഷേധം ആരംഭിച്ചാൽ പാകിസ്താനിൽ വൻ കലാപം ഉണ്ടാകുമെന്ന് അധികൃതർ ഭയപ്പെടുന്നു.
അഡിയാല ജയിലിൽ തന്റെ അഭിഭാഷകരുമായി നടത്തിയ സംഭാഷണത്തിന് പിന്നാലെ ഇമ്രാൻ ഖാന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആണ് പ്രതിഷേധത്തിന് ആഹ്വാനം ഉണ്ടായിട്ടുള്ളത്. ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദിയോട് ഒരു തെരുവ് പ്രക്ഷോഭത്തിന് തയ്യാറെടുക്കാനും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. യഥാർത്ഥ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷിത്വം സ്വീകരിക്കാൻ തയ്യാർ ആണെന്നും മുഴുവൻ രാഷ്ട്രവും അവരുടെ അവകാശങ്ങൾക്കായി പോരാടണമെന്നും ഇമ്രാൻ ഖാൻ ജയിലിൽ നിന്നും അറിയിച്ചു.










Discussion about this post