ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്ന് ഒരു മനുഷ്യൻ തന്റെ കഠിനാധ്വാനം കൊണ്ട് എങ്ങനെ ലോകം അറിയപ്പെടുന്ന നിലയിലേക്ക് വളരുക, ആരും ആഗ്രഹിക്കുന്ന നേട്ടം ഇത് ബെംഗളൂരുവിലെ രമേഷ് ബാബു എന്ന ‘കോടീശ്വരനായ ബാർബറുടെ’ കഥയാണ്.
ഒരു മനുഷ്യന് തന്റെ ജീവിതത്തിൽ എത്രത്തോളം ഉയരത്തിൽ എത്താൻ കഴിയും എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് രമേഷ് ബാബു. ഇന്ന് അദ്ദേഹത്തിന്റെ ഗാരേജിൽ ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകളുണ്ട്, പക്ഷേ ഇന്നും അദ്ദേഹം തന്റെ പഴയ ബാർബർ ഷോപ്പിൽ ഇരുന്ന് ആളുകളുടെ മുടി വെട്ടുന്നു, രമേഷ് ബാബുവിന് ഏഴ് വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. ആകെയുണ്ടായിരുന്നത് ഒരു ചെറിയ ബാർബർ ഷോപ്പായിരുന്നു. എന്നാൽ കുടുംബം പുലർത്താൻ അദ്ദേഹത്തിന്റെ അമ്മയ്ക്ക് ആ ഷോപ്പ് തുച്ഛമായ വാടകയ്ക്ക് കൊടുക്കേണ്ടി വന്നു. കടുത്ത ദാരിദ്ര്യത്തിലായിരുന്നു ആ കുടുംബം. പഠനത്തിന് ശേഷം രമേഷ് ബാബു ആ ഷോപ്പ് തിരിച്ചെടുത്തു. അവിടെ മുടി വെട്ടിയും ഷേവ് ചെയ്തും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് അദ്ദേഹം തന്റെ സ്വപ്നങ്ങൾക്ക് വിത്തിട്ടു.
ഒരു മാരുതി വാനിൽ നിന്ന് റോൾസ് റോയ്‌സിലേക്ക്
1993-ൽ തന്റെ സമ്പാദ്യം മുഴുവൻ കൂട്ടി വെച്ച് അദ്ദേഹം ഒരു മാരുതി വാൻ വാങ്ങി. അതായിരുന്നു തുടക്കം.ജോലി ഇല്ലാത്ത സമയത്ത് ആ വാൻ അദ്ദേഹം വാടകയ്ക്ക് കൊടുത്തു. അവിടെയാണ് ‘രമേഷ് ടൂർസ് ആൻഡ് ട്രാവൽസ്’ എന്ന ബിസിനസ്സ് മുളപൊട്ടിയത്. ഓരോ രൂപയും മിച്ചം വെച്ച് അദ്ദേഹം കൂടുതൽ കാറുകൾ വാങ്ങി. എന്നാൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം ലക്ഷ്യമിട്ടത് ലക്ഷ്വറി കാറുകൾ ആയിരുന്നു. 2004-ൽ അദ്ദേഹം തന്റെ ആദ്യത്തെ മെഴ്സിഡസ് ബെൻസ് വാങ്ങി. ബെംഗളൂരുവിലെ വമ്പൻ ബിസിനസുകാർക്കും സിനിമാ താരങ്ങൾക്കും ആഡംബര കാറുകൾ വാടകയ്ക്ക് നൽകുന്ന വലിയൊരു ബിസിനസ്സായി ഇത് മാറി.
ഇന്ന് രമേഷ് ബാബുവിന്റെ കാർ ശേഖരം കണ്ടാൽ ആരും ഒന്ന് അമ്പരന്നുപോകും.കാറുകളുടെ എണ്ണം: 400-ലധികം കാറുകൾ അദ്ദേഹത്തിനുണ്ട്!റോൾസ് റോയ്‌സ്: ഇന്ത്യയിൽ തന്നെ റോൾസ് റോയ്‌സ് ഗോസ്റ്റ് (Rolls-Royce Ghost) സ്വന്തമായുള്ള ചുരുക്കം ചിലരിൽ ഒരാളാണ് അദ്ദേഹം. ഇതിനു പുറമെ ബിഎംഡബ്ല്യു, ഔഡി, ജാഗ്വാർ തുടങ്ങി ലോകത്തിലെ എല്ലാ ആഡംബര കാറുകളും അദ്ദേഹത്തിന്റെ ഗാരേജിലുണ്ട്. ഇത്രയും വലിയ ബിസിനസ്സ് സാമ്രാജ്യം ഉണ്ടായിട്ടും, ഇന്നും അദ്ദേഹം എല്ലാ ദിവസവും രാവിലെ തന്റെ സലൂണിലെത്തും. വെറും ₹150 രൂപയ്ക്ക് സാധാരണക്കാരന്റെ മുടി വെട്ടിക്കൊടുക്കും! താൻ വന്ന വഴി മറക്കാതിരിക്കുക എന്നതാണ് രമേഷ് ബാബുവിൽ നമ്മൾ കാണുന്ന ഏറ്റവും വലിയ ഗുണം. തന്റെ കയ്യിലുള്ള റോൾസ് റോയ്‌സിൽ അദ്ദേഹം ഓഫീസിലേക്ക് പോകുമ്പോഴും, തന്റെ ജീവിതം പടുത്തുയർത്തിയത് ആ കത്രികയും ചീർപ്പും കൊണ്ടാണെന്ന് അദ്ദേഹം അഭിമാനത്തോടെ ലോകത്തോട് വിളിച്ചു പറയുന്നു.










Discussion about this post