ദിസ്പുർ : അസമിലെ കർബി ആംഗ്ലോങ്ങിൽ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഇന്റർനെറ്റ് താൽക്കാലികമായി റദ്ദാക്കി സർക്കാർ. കുടിയൊഴിപ്പിക്കൽ നടപടികളെ തുടർന്ന് രണ്ടു വിഭാഗങ്ങൾ തമ്മിൽ ഉണ്ടായ സംഘർഷം പിന്നീട് വലിയ പ്രതിഷേധങ്ങളിലേക്ക് നീങ്ങുകയായിരുന്നു. ഇതോടെയാണ് പൊതു സമാധാനവും ശാന്തിയും നിലനിർത്തുന്നതിനും നിലവിലെ സ്ഥിതി കൂടുതൽ വഷളാകുന്നത് തടയുന്നതിനും വേണ്ടി, ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി സർക്കാർ അറിയിച്ചത്.
അസമിലെ കർബി ആംഗ്ലോങ് ജില്ലയിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധക്കാരുടെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കുറഞ്ഞത് എട്ട് പേർക്ക് പരിക്കേറ്റു. സംഘർഷത്തിൽ 48 പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തി ചാർജ് ചെയ്യുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. വില്ലേജ് ഗ്രേസിംഗ് റിസർവ് (വിജിആർ), പ്രൊഫഷണൽ ഗ്രേസിംഗ് റിസർവ് (പിജിആർ) ഭൂമികളിലെ അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ നടത്തിയ കുത്തിയിരിപ്പ് സമരത്തെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്.
സംഘർഷങ്ങളെ തുടർന്ന് മേഖലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. സാമൂഹിക വിരുദ്ധർ വംശീയമോ സാമുദായികമോ ആയ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നത് തടയുന്നതിനും പൊതുജീവിതവും സ്വത്തും സംരക്ഷിക്കുന്നതിനുമായി ഡിസംബർ 22 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബിഎൻഎസ്എസിന്റെ സെക്ഷൻ 163 പ്രാബല്യത്തിൽ തുടരുമെന്ന് കർബി ആംഗ്ലോങ് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.









Discussion about this post