ഓസ്‌ട്രേലിയക്കെതിരായ ആഷസ് (Ashes 2025) പരമ്പരയ്ക്കിടെ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾ അമിതമായി മദ്യപിച്ചുവെന്ന വാർത്തകൾ വലിയ വിവാദമായിരിക്കുകയാണ്. പരമ്പരയിൽ ഇതിനോടകം താനെ 3 – 0 ന് പിന്നിൽ നിൽക്കുന്ന ഇംഗ്ലണ്ടിന് ഒരു തിരിച്ചുവരവ് നിലവിലെ സാഹചര്യത്തിൽ അസാധ്യം ആണെന്ന് തന്നെ ആരാധകർ വിശ്വസിക്കുമ്പോൾ തന്നയാണ് മദ്യപാന വിവാദം ടീമിനെയാകെ ബാധിച്ചത്.
ആഷസ് പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകൾക്കിടയിലുള്ള 9 ദിവസത്തെ ഇടവേളയിൽ, ഇംഗ്ലണ്ട് താരങ്ങൾ തുടർച്ചയായി 6 ദിവസം മദ്യപിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിൽ തന്നെ ചില താരങ്ങൾ റോഡരികിൽ പോലും ഇരുന്നു മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിമർശനത്തിന് വഴിവെച്ചു.
ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ബെൻ ഡക്കറ്റ് (Ben Duckett) മദ്യലഹരിയിൽ നടക്കാൻ ബുദ്ധിമുട്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിവാദം രൂക്ഷമായത്. ഇംഗ്ലണ്ട് ടീം മാനേജിംഗ് ഡയറക്ടർ റോബ് കീ, ഈ സംഭവത്തെക്കുറിച്ച് ഔദ്യോഗികമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര താരങ്ങൾ അമിതമായി മദ്യപിക്കുന്നത് ഒരു ഘട്ടത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ആദ്യ മൂന്ന് ടെസ്റ്റുകളും തോറ്റതോടെ ആഷസ് പരമ്പര ഇംഗ്ലണ്ടിന് നഷ്ടമായി കഴിഞ്ഞു. ഈ സാഹചര്യത്തിൽ താരങ്ങൾക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. ഈ വിവാദത്തിന് പിന്നാലെ വരാനിരിക്കുന്ന മെൽബൺ ടെസ്റ്റിലെ (ഡിസംബർ 26) ടീമിന്റെ പ്രകടനവും, കായിക ലോകം ഉറ്റുനോക്കുകയാണ്.













Discussion about this post