അകാരണമായി തന്നെ 15 മണിക്കൂറോളം ചൈനയിൽ തടങ്കലിൽ വച്ചെന്ന ആരോപണവുമായി ഇന്ത്യൻ വ്ളോഗർ. ഓൺ റോഡ് ഇന്ത്യൻ എന്നറിയപ്പെടുന്ന ഇന്ത്യൻ ട്രാവൽ വ്ലോഗർ അനന്ത് മിത്തലാണ് ആരോപണവുമായി രംഗത്തെത്തിയത് അരുണാചൽ പ്രദേശിനെക്കുറിച്ച് ഓൺലൈനിൽ നടത്തിയ അഭിപ്രായങ്ങളുടെ പേരിലാണ് തനിക്കെതിരെയുള്ള നടപടിയെന്നാണ് വ്ളോഗറുടെ ആരോപണം. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അനന്ത് മിത്തലിൻ്റെ വെളിപ്പെടുത്തൽ.
ഡിസംബർ 15 നാണ് സംഭവം, തന്റെ സുഹൃത്തുകളിൽ ഒരാളെ കാണാൻ അനന്ത് മിത്തൽ ചൈന സന്ദർശിച്ചിരുന്നു എന്നാൽ ഗ്വാങ്‌ഷോ വിമാനത്താവളത്തിൽ വച്ച് അദ്ദേഹത്തെ ചൈനീസ് അധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദീർഘനേരം ചോദ്യം ചെയ്തതിനു ശേഷം ഒടുവിൽ വ്ളോഗറെ വിട്ടയക്കുകയായിരുന്നു.
ഇന്ത്യൻ ടൂറിസ്റ്റ് ഡിറ്റൈൻഡ് ഇൻ ചൈന ഫോർ 15 മണിക്കൂർ’ എന്ന തലക്കെട്ടോടെ ചൊവ്വാഴ്ച പുറത്തിറങ്ങിയ തന്റെ യൂട്യൂബ് വീഡിയോകളിലൊന്നിൽ തന്റെ ദുരനുഭവം വിവരിക്കുകയാണ് അനന്ത് മിത്തൽ. തനിക്ക് രാഷ്ട്രീയ ബന്ധങ്ങളോ ദുരുദ്ദേശ്യങ്ങളോ ഇല്ലെന്നും ഒരു വ്ളോഗർ എന്ന നിലയിൽ തന്റെ ജോലി പൂർണ്ണമായും യാത്രയോടും കഥപറച്ചിലിനോടുമുള്ള അഭിനിവേശത്താൽ നിറഞ്ഞതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്ളോഗറുടെ വീഡിയോയിലെ ചില പ്രസക്തഭാഗങ്ങൾ
വിമാനത്താവളത്തിലെ സാധാരണ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പാലിച്ച ശേഷം, ഉദ്യോഗസ്ഥൻ എന്റെ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ഒട്ടിക്കുന്നതിനു മുമ്പ് നിർത്തി. അദ്ദേഹം ഒരു മുതിർന്ന ഉദ്യോഗസ്ഥനെ വിളിച്ചു, അദ്ദേഹം എന്നെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി ഇരുത്തി. അവിടെ ഞാൻ ഒരു കൊറിയൻ പൗരനെയും കുറച്ച് ബംഗ്ലാദേശി പൗരന്മാരെയും കണ്ടു. അടുത്തതായി എന്ത് സംഭവിക്കുമെന്ന് ചിന്തിച്ച് ഞാൻ അൽപ്പം ആശങ്കാകുലനായി. അടുത്ത രണ്ട് മണിക്കൂർ ആരും തന്നെ ശ്രദ്ധിക്കാതിരുന്നപ്പോൾ, എന്തോ പ്രശ്നമുള്ളതായി തോന്നിയതായി വ്ലോഗർ പറഞ്ഞു. രണ്ട് ഉദ്യോഗസ്ഥർ തന്നെ ചോദ്യം ചെയ്തതായും ആദ്യം സൗഹൃദപരമായി തോന്നിയെന്നും പിന്നീട് ബാഗ് പരിശോധിച്ച് ക്യാമറകളും മറ്റ് ചില ഉപകരണങ്ങളും പിടിച്ചെടുത്തതായും അനന്ത് മിത്തൽ പറഞ്ഞു. “എവിടെയാണ് എല്ലാം തെറ്റിയത് എന്ന് എനിക്ക് മനസ്സിലായി – എന്റെ ഒരു വീഡിയോയിൽ ഞാൻ ഉന്നയിച്ച വിഷയം. ഞാൻ അത് ചെയ്യാൻ പാടില്ലായിരുന്നു. ചൈനയും ഇന്ത്യയും തമ്മിൽ ഒരു ഭൂമി തർക്കമുണ്ട്, വിവാദപരമായ ഒന്നിനെക്കുറിച്ചും സംസാരിക്കാൻ എനിക്ക് അവകാശമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.തടങ്കൽ മുറിയിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ ചില ദൃശ്യങ്ങൾ മിത്തൽ പങ്കുവെച്ചു. അവിടെ വെച്ച് ഭക്ഷണം പോലും തനിക്ക് നൽകിയില്ലെന്ന് അദ്ദേഹം പരാതിപ്പെടുന്നതായി കേൾക്കുന്നു. ചൈനയിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള ആരോടും സംസാരിക്കാൻ പോലും അദ്ദേഹത്തിന് അനുവാദമില്ലായിരുന്നു.
ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ മൂന്ന് വർഷം പഠിച്ചതായും ഈ മേഖലയോട് ആഴത്തിലുള്ള വൈകാരിക ബന്ധം അനുഭവപ്പെടുന്നുണ്ടെന്നും വ്ളോഗർ പറയുന്നു. ഒരു അരുണാചൽ പ്രദേശ് പൗരയെ ചൈന കസ്റ്റഡിയിലെടുത്തതായി അറിഞ്ഞപ്പോൾ താൻ ഞെട്ടിയെന്നും ഇതാണ് ആശങ്ക പ്രകടിപ്പിച്ച് ഒരു വീഡിയോ ചെയ്തതെന്നും അനന്ത് മിത്തൽ വ്യക്തമാക്കി.









Discussion about this post