കാനഡയിലെ നിയമചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ച് ഇന്ത്യൻ വംശജനായ സിഖ് അഭിഭാഷകൻ പ്രഭ്ജോത് സിംഗ് വിറിംഗ്. ബ്രിട്ടീഷ് രാജാവിനോട് കൂറ് പ്രഖ്യാപിച്ചാൽ മാത്രമേ അഭിഭാഷകനായി എൻറോൾ ചെയ്യാൻ കഴിയൂ എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള നിയമം വിറിംഗിന്റെ നിയമപോരാട്ടത്തിന് മുന്നിൽ വഴിമാറി. ആൽബെർട്ട കോടതി ഓഫ് അപ്പീൽ നൽകിയ ചരിത്രവിധി പ്രകാരം, കാനഡയിൽ ഒരു തൊഴിൽ ചെയ്യുന്നതിനായി ബ്രിട്ടീഷ് കിരീടത്തോടുള്ള കൂറ് പ്രഖ്യാപിക്കുന്നത് ഇനി മുതൽ നിർബന്ധമല്ല.
പഞ്ചാബിലെ ശ്രീ മുക്ത്സർ സാഹിബ് ജില്ലയിലെ വാറിംഗ് ഗ്രാമത്തിൽ നിന്നുള്ള കുടുംബാംഗമാണ് പ്രഭ്ജോത് സിംഗ് വിറിംഗ്. നിയമപഠനം പൂർത്തിയാക്കി ആൽബെർട്ടയിൽ അഭിഭാഷകനായി ജോലിയിൽ പ്രവേശിക്കാൻ ഒരുങ്ങുമ്പോഴാണ് ‘ബ്രിട്ടീഷ് രാജാവിനോടുള്ള കൂറ്’ (Oath to the King) തടസ്സമായത്. താൻ ഗുരു ഗോവിന്ദ് സിംഗിന്റെ ശിഷ്യനാണെന്നും തന്റെ ഗുരുവിന് മുകളിൽ മറ്റൊരാളെയും പ്രതിഷ്ഠിക്കാൻ തന്റെ വിശ്വാസം അനുവദിക്കുന്നില്ലെന്നും വിറിംഗ് കോടതിയിൽ വാദിച്ചു. ഒരു തൊഴിൽ ചെയ്യുന്നതിനായി മതവിശ്വാസത്തിന് വിരുദ്ധമായ സത്യപ്രതിജ്ഞ ചെയ്യാൻ ഒരാളെ നിർബന്ധിക്കുന്നത് കനേഡിയൻ അവകാശ ചാർട്ടറിന്റെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
1912 മുതൽ നിലനിൽക്കുന്ന നിയമനടപടികളാണ് കോടതി ഈ കേസിലൂടെ പുനഃപരിശോധിച്ചത്. കീഴ്ക്കോടതികളിൽ നിന്ന് പരാജയപ്പെട്ടെങ്കിലും വിറിംഗ് പിന്മാറിയില്ല. ഒടുവിൽ 2025 ഡിസംബർ 16-ന് ആൽബെർട്ട കോടതി ഓഫ് അപ്പീൽ അദ്ദേഹത്തിന് അനുകൂലമായി വിധിച്ചു. മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന കനേഡിയൻ ഭരണഘടനയ്ക്ക് വിരുദ്ധമാണ് നിർബന്ധിത സത്യപ്രതിജ്ഞയെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനാപരമായ ഈ സുപ്രധാന മാറ്റം വിറിംഗിന് മാത്രമല്ല, സമാനമായ കാരണങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന ഒട്ടേറെ പ്രൊഫഷണലുകൾക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.
തങ്ങളുടെ നാട്ടുകാരനായ യുവാവ് വിദേശമണ്ണിൽ നേടിയ ഈ അംഗീകാരത്തിൽ ആഹ്ലാദത്തിലാണ് പഞ്ചാബിലെ വാറിംഗ് ഗ്രാമം. വിറിംഗ് വർഷങ്ങളായി കാനഡയിലാണെങ്കിലും കുട്ടിക്കാലം മുതലേ സിഖ് മൂല്യങ്ങളിൽ അടിയുറച്ചാണ് വളർന്നതെന്ന് ഗ്രാമവാസികൾ പറയുന്നു. വിറിംഗിന്റെ കുടുംബം സിഖ് പാരമ്പര്യം മുറുകെ പിടിക്കുന്നവരാണെന്നും ഇന്ത്യയുടെയും പഞ്ചാബിന്റെയും പേര് ലോകത്തിനു മുന്നിൽ ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞെന്നും ഗ്രാമമുഖ്യർ പ്രതികരിച്ചു.












Discussion about this post